ലണ്ടൻ: വെസ്റ്റിൻഡീസിനെതിരെ പരമ്പര ജയിച്ച ആവേശവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് മെച്ചപ്പെട്ട സ്കോർ. മഴയിൽ പാതി മുങ്ങിയ ആദ്യ ദിനത്തിനു ശേഷം ബാറ്റിങ് തുടർന്ന് പാകിസ്താൻ ഇന്നിങ്സ് 326ന് എല്ലാവരും പുറത്തായി.
ഓപണറായി എത്തി തളർച്ചയറിയാതെ ബാറ്റ് വീശി സെഞ്ച്വറി കടന്ന് കുതിച്ച ഷാൻ മസ്ഊദ് (156) ആണ് സന്ദർശകരെ വീഴ്ചയിൽനിന്ന് കരകടത്തിയത്. 1983ൽ മുദസ്സർ നാസറിനു ശേഷം പാക് നിരയിൽ തുടർച്ചയായ മൂന്ന് ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഓപണർ എന്ന റെക്കോഡും ഷാൻ മസ്ഊദ് സ്വന്തം പേരിൽ ചേർത്തു.
ഇംഗ്ലീഷ് ബൗളിങ്ങിനെ ക്ഷമയോടെ നേരിട്ട താരം 251ാം പന്തിലാണ് 100 തികച്ചത്. മൂന്നാം വിക്കറ്റിൽ ബാബർ അഅ്സമിനൊപ്പം (69) 96 റൺസ് ചേർത്ത താരം ഓൾ റൗണ്ടർ ശദാബ് ഖാനൊപ്പം (45) 105 റൺസും ചേർത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 70 റൺസിന് നാലുവിക്കറ്റ് നഷ്ടമായി. 32 റൺസുമായി ഒലി പോപ്പും റൺസൊന്നുമെടുക്കാതെ ജോസ് ബട്ലറുമാണ് ക്രീസിൽ.