പാകിസ്ഥാന് നാണക്കേടിന്റെ ചരിത്രം; ഐ.സി.സി ടെസ്റ്റ് റാങ്കിങിൽ എക്കാലത്തെയും വലിയ തകർച്ചയിൽ ക്രിക്കറ്റ് ടീം
text_fieldsലാഹോർ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ തോൽവി (3-0) ഏറ്റുവാങ്ങിയതിന് പിന്നാലെ ഐ.സി.സി ടെസ്റ്റ് ടീം റാങ്കിങിൽ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ടീം.ചരിത്രത്തിലാദ്യമായി പാകിസ്ഥാൻ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടെസ്റ്റ് മത്സരങ്ങൾ വളരെ അപൂർവ്വമായി മാത്രം കളിക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (ഡബ്ല്യു.ടി.സി) ഭാഗമല്ലാതിരിക്കുകയും ചെയ്യുന്ന സിംബാബ്വെ മാത്രമാണ് ഇപ്പോൾ പാകിസ്ഥാന് പിന്നിലുള്ളത്.
ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന മൂന്നാം ടെസ്റ്റിൽ നാലാം ദിവസം 8 വിക്കറ്റിന്റെ തോൽവി വഴങ്ങിയതോടെയാണ് പാകിസ്ഥാന്റെ പതനം പൂർത്തിയായത്. ഹെഡിങ്ലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 103 റൺസിനും തോറ്റ പാകിസ്ഥാന് ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 194 റൺസിന്റെ ദയനീയ തോൽവിയാണ് നേരിടേണ്ടി വന്നത്. പരമ്പര തൂത്തുവാരിയ ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിൽ 130 റൺസ് വിജയലക്ഷ്യം എളുപ്പത്തിൽ മറികടക്കുകയായിരുന്നു. സ്വിങ് പന്തുകളെ നേരിടാൻ പാകിസ്ഥാൻ ബാറ്റർമാർ പൂർണ്ണമായും പരാജയപ്പെട്ടത് സ്വന്തം രാജ്യത്തെ ക്രിക്കറ്റ് വിദഗ്ധരെപ്പോലും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
2024 സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരായ സ്വന്തം നാട്ടിലെ പരമ്പരയിൽ 2-0 ന് തോറ്റപ്പോൾ പാകിസ്ഥാൻ എട്ടാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. അന്നവരുടെ റേറ്റിംഗ് പോയിന്റ് 76 ആയി കുറഞ്ഞിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ ഒമ്പതാം സ്ഥാനത്തേക്കുള്ള ചരിത്രപരമായ കൂപ്പുകുത്തൽ.
ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനത്തിന് പുറമെ, കുറഞ്ഞ ഓവർ നിരക്കിന് ഐ.സി.സി പാകിസ്ഥാന്റെ 11 ഡബ്ല്യു.ടി.സി പോയിന്റുകൾ വെട്ടിക്കുറച്ചു. ഇതോടെ 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിലും പാകിസ്ഥാൻ അവസാന സ്ഥാനത്തേക്ക് വീണു. നിലവിൽ അവരുടെ പോയിന്റ് ശതമാനം വെറും 4.63 മാത്രമാണ്. എട്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിന്റെ പോയിന്റ് ശതമാനം പോലും 20.83 ആണ് എന്നത് പാകിസ്ഥാന്റെ തകർച്ചയുടെ ആഴം കൂടുതൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

