‘പാകിസ്താൻ ക്രിക്കറ്റ് ഐ.സി.യുവിൽ...’; പി.സി.ബിക്കെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി
text_fieldsകറാച്ചി: നീണ്ട ഇടവേളക്കുശേഷം ഒരു ഐ.സി.സി ടൂർണമെന്‍റിന് വേദിയായെങ്കിലും ഗ്രൂപ്പ് റൗണ്ടിൽതന്നെ പുറത്താകാനായിരുന്നു പാകിസ്താന്‍റെ വിധി. മൂന്നു കളികൾ മഴയെടുക്കുകയും ആതിഥേയ ടീം നോക്കൗട്ട് കാണാതെ മടങ്ങുകയും ഫൈനൽ വേദി നഷ്ടമാകുകയും ചെയ്തതിന്‍റെ നിരാശയും ആഘാതവും ആരാധകരിലും പ്രകടമായിരുന്നു.
ഒരു മത്സരം പോലും ജയിക്കാതെയാണ് പാകിസ്താൻ ടൂർണമെന്‍റിൽനിന്ന് പുറത്തായത്. ടീമിന്‍റെ മോശം പ്രകടനത്തിൽ രൂക്ഷവിമർശനവുമായി മുൻ താരങ്ങൾ ഉൾപ്പെടെ രംഗത്തുവന്നിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൂർണമെന്‍റിൽ, സുരക്ഷ മുൻനിർത്തി ഇന്ത്യ പാകിസ്താനിലേക്ക് പോകാൻ വിസ്സമതിച്ചതും തിരിച്ചടിയായി. ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ ദുബൈയിലാണ് നടത്തിയത്. ഇന്ത്യ ഫൈനലിൽ എത്തിയതോടെയാണ് ഫൈനൽ വേദിയും പാകിസ്താന് നഷ്ടമായത്.
മുൻ പാക് താരം ഷാഹിദ് അഫ്രീദിയാണ് പുതുതായി പാക് ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. തെറ്റായ തീരുമാനങ്ങൾ കാരണം പാകിസ്താൻ ക്രിക്കറ്റ് തീവ്രപരിചരണ വിഭാഗത്തിലാണെന്ന് (ഐ.സി.യു) അഫ്രീദി കുറ്റപ്പെടുത്തി. പാക് ട്വന്‍റി20 സ്ക്വാഡിൽ ഓൾ റൗണ്ടർ ശദബ് ഖാനെ വീണ്ടും ഉൾപ്പെടുത്താനുള്ള തീരുമാനമാണ് മുൻ നായകൻ കൂടിയായ അഫ്രീദിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിനു പിന്നാലെയാണ് ശദബ് ടീമിന് പുറത്തായത്. ന്യൂസിലൻഡിനെതിരെ നടക്കുന്ന ട്വന്‍റി20 പരമ്പരക്കുള്ള ടീമിലാണ് താരത്തെ വീണ്ടും ഉൾപ്പെടുത്തിയത്. ടീമിന്‍റെ വൈസ് ക്യാപ്റ്റനായാണ് തിരിച്ചെത്തിയത്. ‘എന്തടിസ്ഥാനത്തിലാണ് താരത്തെ തിരിച്ചുവിളിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തിയാണോ, അതോ മറ്റെന്തെങ്കിലും കാരണത്താലാണോ?’ -ചാനൽ അഭിമുഖത്തിനിടെ അഫ്രീദി തുറന്നടിച്ചു.
മെറിറ്റ് നോക്കാതെ എടുക്കുന്ന തീരുമാനങ്ങൾ പാകിസ്താൻ ക്രിക്കറ്റിൽ ഒരു മാറ്റവും കൊണ്ടുവരില്ലെന്നും അദ്ദേഹം വിമർശിച്ചു. സത്യം പറഞ്ഞാൽ പാകിസ്താൻ ക്രിക്കറ്റ് ഐ.സി.യുവിലാണ്, തെറ്റായ തീരുമാനങ്ങളാണ് ഇതിനുകാരണം. പി.സി.ബിയുടെ തീരുമാനങ്ങളിലും നയങ്ങളിലും സ്ഥിരതയും തുടർച്ചയുമില്ല. നമ്മൾ നായകന്മാരെയും പരിശീലകരെയും ചില താരങ്ങളെയും മാറ്റിക്കൊണ്ടിരിക്കുന്നു, പക്ഷേ ബോർഡ് അധികൃതർക്ക് എന്ത് ആത്മാർഥതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യക്കും ന്യൂസിലൻഡിനുമെതിരെ തോറ്റതോടെയാണ് പാകിസ്താൻ നോക്കൗട്ട് കാണാതെ പുറത്തായത്. ടിക്കറ്റ് ഇനത്തിൽ ലഭിക്കേണ്ട വരുമാനത്തിൽ വൻ ഇടിവാണ് ഇതുവഴി ഉണ്ടായത്. ഇന്ത്യ ഫൈനലിന് യോഗ്യത നേടിയതോടെ കലാശപ്പോരാട്ടത്തിനും പാക് മൈതാനങ്ങൾ വേദിയല്ലാതായി. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലെ മൈതാനങ്ങൾ നന്നാക്കാൻ കോടികളാണ് പാകിസ്താൻ ചെലവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

