‘ഇന്ത്യ ഉൾപ്പെടെ ഏത് ടീമിനെയും തോൽപ്പിക്കാനാകും’; ഏഷ്യാകപ്പ് ഫൈനലിന് മുമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ച് പാക് ക്യാപ്റ്റന്‍
text_fieldsസൽമാൻ അലി ആഘ
ദുബൈ: ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് പാകിസ്താൻ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. മത്സരശേഷം തന്‍റേത് ‘സ്പെഷ്യൽ ടീ’മാണെന്നും ഏത് എതിരാളിയെയയും തങ്ങൾക്ക് തോൽപ്പിക്കാനാകുമെന്നുമാണ് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ പറഞ്ഞത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യക്കുമേൽ വിജയം നേടി കപ്പടിക്കാനാകും തങ്ങളുടെ ശ്രമമെന്നും പാക് ക്യാപ്റ്റൻ പറഞ്ഞു.
“ഇത്തരം മത്സരങ്ങൾ ജയിക്കാനാകണമെങ്കിൽ ഞങ്ങൾ ഒരു സ്പെഷ്യൽ ടീം ആയിരിക്കണം. എല്ലാവരും നന്നായി കളിച്ചു. ബാറ്റിങ്ങിൽ കുറച്ചു കാര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയുമായി ടൂർണമെന്‍റിൽ മൂന്നാം മത്സരമാണ് വരുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം. ഏത് ടീമിനെയും തോൽപ്പിക്കാൻ ഞങ്ങൾക്കാകും. ഞായറാഴ്ച അവരെ തോൽപ്പിക്കാനാകും ശ്രമം” -പാക് ക്യാപ്റ്റൻ പറഞ്ഞു. വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെ ആവേശകരമായ മത്സരത്തിൽ 11 റൺസിന്‍റെ ജയം നേടിയാണ് പാകിസ്താൻ കലാശപ്പോരിന് യോഗ്യത നേടിയത്.
മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായ ഷഹീൻ അഫ്രീദിയെ സൽമാൻ ആഗ പ്രസംശിച്ചു. ടീമിന് ആവശ്യമുള്ള പെർഫോമൻസ് ഷഹീൻ പുറത്തെടുക്കും. ഞങ്ങൾ കണക്കുകൂട്ടിയതിലും 15 റൺസ് കുറവാണ് നേടാനായത്. എന്നാൽ ബൗളിങ് ഡിപാർട്ട്മെന്‍റിനെ നന്നായി നയിക്കാൻ ഷഹീന് സാധിച്ചു. പാകിസ്താൻ ടീമിന്‍റെ ഫീൽഡിങ്ങും മെച്ചപ്പെട്ടതായി സൽമാൻ പറഞ്ഞു. മൂന്ന് ബംഗ്ലാ ബാറ്റർമാരെ പുറത്താക്കിയ ഷഹീൻ അഫ്രീദി, 13 പന്തിൽ 19 റൺസടിച്ച് ബാറ്റിങ്ങിലും നിർണായക പ്രകടനം പുറത്തെടുത്തിരുന്നു.
അതേസമയം, ടൂർണമെന്‍റിൽ ഇന്ത്യക്കെതിരെ വന്ന രണ്ട് മത്സരങ്ങളിലും പാകിസ്താൻ തോറ്റു. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യക്കാണ് ജയം സ്വന്തമാക്കാനായത്. പരാജയമറിയാതെ മുന്നേറുന്ന ടീം ഇന്ത്യ ഇന്ന് അവസാന സൂപ്പർ ഫോർ പോരിൽ ശ്രീലങ്കയെയാണ് നേരിടുന്നത്. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യ ഫൈനലിൽ പ്രവേശിക്കുകയും ലങ്ക പുറത്താകുകയും ചെയ്ത സാഹചര്യത്തിൽ, ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

