ഇന്ത്യയോട് നാണംകെട്ട തോൽവി, പാകിസ്താൻ ട്വന്‍റി20 നായകന്‍റെ തൊപ്പി തെറിക്കും; ഓൾ റൗണ്ടർ പുതിയ ക്യാപ്റ്റനാകും
text_fieldsസൽമാൻ അലി ആഗ
ദുബൈ: ഏഷ്യ കപ്പിലെ മോശം പ്രകടനത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താൻ ട്വന്‍റി20 ടീം നായക സ്ഥാനത്തുനിന്ന് സൽമാൻ അലി ആഗയെ മാറ്റും. ചിരവൈരികളായ ഇന്ത്യയോട് ടൂർണമെന്‍റിൽ 15 ദിവസത്തിനിടെ മൂന്നു മത്സരങ്ങളാണ് പാകിസ്താൻ തോറ്റത്.
ഓൾ റൗണ്ടർ ശദാബ് ഖാൻ പുതിയ ക്യാപ്റ്റനാകുമെന്നാണ് പുറത്തുവരുന്ന വിവരം. അടുത്ത വർഷം നടക്കുന്ന ട്വന്‍റി20 ലോകകപ്പ് മുന്നിൽ കണ്ടാണ് പാക് ക്രിക്കറ്റ് ബോർഡ് നായകനെ മാറ്റുന്നത്. ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പിന് വേദിയാകുന്നത്. ഏഷ്യ കപ്പ് ഫൈനലിലടക്കം ഇന്ത്യയോട് മൂന്നു മത്സരങ്ങൾ തോറ്റതോടെ ആഗയുടെ ക്യാപ്റ്റൻസിയെ ചൊല്ലി വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സെപ്റ്റംബർ 14ന് ഗ്രൂപ്പ് റൗണ്ടിലും 21ന് നടന്ന സൂപ്പർ ഫോറിലും പാകിസ്താൻ ഇന്ത്യയോട് തോറ്റു. പിന്നാലെ 28ന് നടന്ന ഫൈനലിലും പാകിസ്താൻ ഇന്ത്യക്കു മുന്നിൽ വീണു. ആഗ ബാറ്റിങ്ങിൽ തീർത്തും നിരാശപ്പെടുത്തി.
ഏഴു മത്സരങ്ങളിൽനിന്ന് 80.90 ശരാശരിയിൽ 72 റൺസ് മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം. ടൂർണമെന്‍റിലുടനീളം താരത്തിന്‍റെ ക്യാപ്റ്റൻസി തീരുമാനങ്ങളും വലിയ വിമർശനത്തിനിടയാക്കി. പാകിസ്താനുവേണ്ടി 112 ട്വന്‍റി20 മത്സരങ്ങൾ കളിച്ച ശദാബ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ റോളും വഹിച്ചിട്ടുണ്ട്. തോളിലെ ശസ്ത്രക്രിയക്കു പിന്നാലെ വിശ്രമത്തിലുള്ള താരം അടുത്ത മാസം കളത്തിലേക്ക് മടങ്ങിയെത്തും. മധ്യനിരയിൽ സ്പിന്നറായും ലോവർ ഓർഡറിൽ ബാറ്ററായും കളിക്കാൻ കഴിയുന്ന ശദാബിന്‍റെ ക്യാപ്റ്റൻസി സ്ഥിരത നിലനിർത്താൻ പാടുപെടുന്ന ടീമിന് വലിയ മുതൽക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് പാക് ക്രിക്കറ്റ് ബോർഡ്.
ജൂണ്‍ ആദ്യം ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിലാണ് ശദാബ് പാകിസ്താനുവേണ്ടി അവസാനമായി കളിച്ചത്. പാകിസ്താൻ സൂപ്പര്‍ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും ടീമിനെ നയിച്ച പരിചയവും ശദാബിനുണ്ട്. ട്വന്‍റി20 ലോകകപ്പിന് മികച്ച ടീമിനെ ഒരുക്കുന്നതിന്‍റെ ഭാഗമായി വരുംമാസങ്ങളിൽ ടീം കൂടുതൽ ട്വന്‍റി20 മത്സരങ്ങൾ കളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

