ടി20 ലോകകപ്പ്: ബഹിഷ്കരണ ഭീഷണിക്ക് പിന്നാലെ കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാകിസ്താൻ ടീം
text_fieldsലാഹോർ: ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന ഭീഷണികൾക്കിടയിലും, പാകിസ്താൻ ക്രിക്കറ്റ് ടീം കൊളംബോയിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും, മത്സരങ്ങളിൽ പങ്കെടുക്കാൻ ടീമിന് നിർദേശം ലഭിച്ചതായാണ് വിവരം.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് കൊളംബോയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐ.സി.സി യോഗത്തിൽ ഈ ആവശ്യം തള്ളി. ഇതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് പിന്മാറുകയാണെങ്കിൽ അവരെ പിന്തുണച്ച് ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അധ്യക്ഷൻ മൊഹ്സിൻ നഖ്‌വി നേരത്തെ സൂചിപ്പിച്ചിരുന്നു.
വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് നഖ്‌വി പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ലോകകപ്പ് ബഹിഷ്കരിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അതിനാൽ ടീമിനെ അയക്കുന്നതാണ് ഉചിതമെന്നും പ്രധാനമന്ത്രി നിർദേശിച്ചതായാണ് റിപ്പോർട്ട്.
മുൻ പി.സി.ബി അധ്യക്ഷന്മാരായ നജാം സേത്തി, റമീസ് രാജ എന്നിവരും സൈനിക നേതൃത്വവും പാകിസ്താൻ പ്രസിഡന്റ് ആസിഫ് സർദാരിയും ടൂർണമെന്റിൽ പങ്കെടുക്കണമെന്ന പക്ഷക്കാരാണ്. ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരം ഉൾപ്പെടെ ഒരു പോരാട്ടത്തിൽനിന്നും മാറിനിൽക്കരുതെന്ന് അവർ ടീമിന് നിർദേശം നൽകിയെന്നും റിപ്പോർട്ടുണ്ട്.
സൽമാൻ അലി ആഗ നയിക്കുന്ന പാകിസ്താൻ ടീം ആസ്‌ട്രേലിയൻ ടീമിനൊപ്പമായിരിക്കും കൊളംബോയിലേക്ക് തിരിക്കുക. നിലവിൽ ഓസ്‌ട്രേലിയയുമായി ടി20 പരമ്പര കളിക്കുന്ന പാകിസ്താൻ ടീമിനോട് ലോകകപ്പിനായി സജ്ജരാകാൻ മാനേജ്‌മെന്റ് നിർദേശിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദിയാകുന്നത്.
പാകിസ്താന്റെ പങ്കാളിത്തം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ സമ്മർദങ്ങളും ബഹിഷ്കരണ ഭീഷണികളും നിലനിൽക്കുന്നുണ്ടെങ്കിലും, സാമ്പത്തികവും കായികവുമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, ഫെബ്രുവരി ഏഴിന് തുടങ്ങുന്ന ടി20 ലോകകപ്പിൽ പാകിസ്താൻ കളിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

