പാക് ബാറ്റർ സിദ്ര അമീന് ശാസനയും ഡീ മെറിറ്റ് പോയന്റും
text_fieldsസിദ്ര അമീൻ
കൊളംബോ: ഒക്ടോബർ 5 ന് കൊളംബോയിൽ നടന്ന ഇന്ത്യ- പാകിസ്താൻ വനിതാ ലോകകപ്പ് 2025 മത്സരത്തിനിടെ ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ ഒന്ന് ലംഘിച്ചതിന് പാകിസ്താൻ ബാറ്റർ സിദ്ര അമീന് ഔദ്യോഗിക ശാസന ലഭിച്ചു. നിരാശയോടെ അമീൻ പിച്ചിൽ തന്റെ ബാറ്റുകൊണ്ട് ശക്തമായി അടിച്ചിരുന്നു, ഇത് പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.2 പ്രകാരമുള്ള ലംഘനമാണ്.
മാച്ച് അമ്പയറും ഓൺ-ഫീൽഡ് അമ്പയർമാരും കുറ്റം ചുമത്തിയതിനെത്തുടർന്ന്, അമീൻ കുറ്റം സമ്മതിക്കുകയും മാച്ച് റഫറി ഷാൻഡ്രെ ഫ്രിറ്റ്സ് നിർദേശിച്ച ശിക്ഷ സ്വീകരിക്കുകയും ചെയ്തു. ശാസനക്കൊപ്പം, ഒരു ഡീമെറിറ്റ് പോയിന്റും കൊടുക്കുകയായിരുന്നു.പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 88 റൺസിന്റെ വൻ വിജയമാണ് നേടിയത്.
പാകിസ്താൻ ഇന്നിംഗ്‌സിന്റെ 40-ാം ഓവറിൽ സ്നേഹ് റാണയുടെ ബാളിൽ ക്യാപ്റ്റൻ ഹർമൻ പ്രീതിന് പിടികൊടുക്കുകയായിരുന്നു സിദ്ര അമീൻ. മോശം ഷോട്ടിൽ നിരാശയായ സിദ്ര ക്രീസിൽ തന്റെ ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു. ഒരു കളിക്കാരനോ സപ്പോർട്ട് സ്റ്റാഫ് അംഗമോ ക്രിക്കറ്റ് ഉപകരണങ്ങളെയോ വസ്ത്രങ്ങളെയോ ഗ്രൗണ്ട് ഉപകരണങ്ങളെയോ ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ കളിക്കിടെ ഉപയോഗിക്കുന്ന മറ്റേതെങ്കിലും വസ്തുവിനെയോ അനാദരിക്കാൻ പാടില്ല എന്നതാണ് നിയമം.
പാകിസ്താനു വേണ്ടി ബാറ്റിങ്ങിൽ സിദ്ര അമീൻ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്, 106 പന്തിൽ നിന്ന് 81 റൺസ് നേടി. എന്നാൽ ഇന്ത്യയുടെ 248 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടതോടെ അവരുടെ ശ്രമങ്ങൾ പാഴായി, 159 റൺസിന് ഓൾ ഔട്ടാവുകയും 88 റൺസിന്റെ തോൽവിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
ടൂർണമെന്റിൽ പാകിസ്താന്റെ തുടർച്ചയായ രണ്ടാമത്തെ തോൽവിയാണിത്, ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. ഒക്ടോബർ 8 ന് നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയക്കെതിരെയാണ് പാകിസ്താന്റെ അടുത്ത മൽസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

