Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആവേശപ്പോരിൽ...

ആവേശപ്പോരിൽ ലങ്കക്കെതിരെ ജയം; പക്ഷേ സെമി കാണാതെ പാകിസ്താൻ പുറത്ത്

text_fields
bookmark_border
ആവേശപ്പോരിൽ ലങ്കക്കെതിരെ ജയം; പക്ഷേ സെമി കാണാതെ പാകിസ്താൻ പുറത്ത്
cancel
camera_alt

പാകിസ്താൻ താരങ്ങൾ മത്സരത്തിനിടെ

പല്ലേക്കലെ: ട്വന്‍റി20 ലോകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കക്കെതിരെ ജയം പിടിച്ചെങ്കിലും പാകിസ്താൻ സെമി കാണാതെ ടൂർണമെന്‍റിൽനിന്ന് പുറത്തായി. ആവേശകരമായ മത്സരത്തിൽ അഞ്ച് റൺസിനാണ് പാകിസ്താൻ ജയിച്ചത്. സൂപ്പർ എയ്റ്റിലെ രണ്ടാം ഗ്രൂപ്പിൽ ന്യൂസിലൻഡിന്‍റെ റൺറേറ്റ് മറികടന്ന് സെമിയിൽ പ്രവേശിക്കാൻ ലങ്കക്കെതിരെ 65 റൺസിന് പാകിസ്താന് ജയിക്കേണ്ടിയിരുന്നു. എന്നാൽ 213 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക 207 റൺസ് നേടിയതോടെ പാക് ടീമിന്‍റെ സെമി സ്വപ്നം പൊലിഞ്ഞു. ഷഹീൻ അഫ്രീദി എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 28 റൺസ് വേണമെന്നിരിക്കെ ലങ്കൻ ക്യാപ്റ്റൻ ദശുൻ ശനക 22 റൺസ് അടിച്ചെടുത്തു. സ്കോർ: പാകിസ്താൻ -20 ഓവറിൽ എട്ടിന് 212, ശ്രീലങ്ക -20 ഓവറിൽ ആറിന് 207.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് രണ്ടാം ഓവറിൽ ഓപണർ പാതും നിസ്സങ്കയെ (മൂന്ന്) നഷ്ടമായി. കമിൽ മിഷരയും (26), പരിത് അസലങ്കയും (25) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പവൻ രത്നായകെ (58) അർധ സെഞ്ച്വറി നേടി പുറത്തായി. കമിന്തു മെൻഡിസ് (മൂന്ന്), ജനിത് ലിയനാഗെ (അഞ്ച്) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റൻ ശനക (31 പന്തിൽ 76*) അവസാന പന്തുവരെ പൊരുതി. പാകിസ്താനു വേണ്ടി സ്പിന്നർ അബ്രാർ അഹ്മദ് മൂന്ന് വിക്കറ്റ് നേടി. പാകിസ്താൻ പുറത്തായതോടെ ഇംഗ്ലണ്ടിനൊപ്പം ന്യൂസിലൻഡും ഗ്രൂപ്പിൽനിന്ന് സെമിഫൈനൽ ബർത്ത് ഉറപ്പിച്ചു. ഒന്നാം ഗ്രൂപ്പിൽ ദക്ഷിണാണാഫ്രിക്ക സെമിയിലെത്തിയിട്ടുണ്ട്. ഞായറാഴ്ച ഇന്ത്യ -വെസ്റ്റിൻഡീസ് മത്സരത്തിലെ വിജയിയും സെമിയിലെത്തും.

212 അടിച്ച് പാകിസ്താൻ

സെഞ്ച്വറിയുമായി കളംനിറഞ്ഞ സാഹിബ്സാദ ഫർഹാൻ(100), അർധ സെഞ്ച്വറി നേടിയ ഫഖർ സമാൻ (84) എന്നിവരാണ് ആദ്യം ബാറ്റുചെയ്ത പാകിസ്താന് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 176 റൺസ് പാക് ഇന്നിങ്സിന്‍റെ നട്ടെല്ലായി. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണത് സന്ദർശകർക്ക് തിരിച്ചടിയായി. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താൻ 212 റൺസ് നേടിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനു വേണ്ടി ഓപണർമാർ തുടക്കം മുതൽ നിലയുറപ്പിച്ച് കളിക്കുകയായിരുന്നു. പവർപ്ലേയിൽ 64 റൺസടിച്ച സഖ്യം പത്താം ഓവറിൽ സ്കോർ 100 കടത്തി. 14 ഓവറിൽ അത് 150 ആയി ഉയർത്തി. 16-ാം ഓവറിൽ ഫഖർ സമാനെ ക്ലീൻ ബൗൾഡാക്കി ദുഷ്മന്ത ചമീര‍യാണ് ഈ കൂട്ടുകെട്ട് തകർത്തത്. സ്കോർ ബോഡിൽ ഇതിനകം 176 റൺസ് പിറന്നിരുന്നു. 42 പന്തുകൾ നേരിട്ട ഫഖർ സമാൻ, ഒമ്പത് ഫോറും നാല് സിക്സറുകളും സഹിതം 84 റൺസ് നേടിയാണ് പുറത്തായത്.

പിന്നാലെയിറങ്ങിയ ഖ്വാജ നഫായ് മൂന്നു പന്തിൽ രണ്ട് റൺസുമായി മടങ്ങിയത് പാക് ക്യാമ്പിന് നിരാശയായി. ദിൽഷൻ മദുഷങ്കയുടെ പന്ത് ഉയർത്തിയടിച്ച താരത്തെ ബൗണ്ടറി ലൈനിൽ ചരിത് അസലങ്ക പിടികൂടുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ ശദാബ് ഖാൻ (അഞ്ച് പന്തിൽ ഏഴ്) റണ്ണൗട്ടായി മടങ്ങി. 19-ാം ഓവറിലെ ആദ്യ പന്തിൽ ഫർഹാൻ സെഞ്ച്വറി തികച്ചു. ടൂർണമെന്‍റിൽ തന്‍റെ രണ്ടാം ശതകം 59 പന്തിലാണ് താരം പൂർത്തിയാക്കിയത്. തൊട്ടടുത്ത പന്തിൽ മുഹമ്മദ് നവാസ് സംപൂജ്യനായി മടങ്ങി. ദസുൻ ശനകയാണ് ഇത്തവണ വിക്കറ്റ് നേടിയത്. ഇതേ ഓവറിൽ നായകൻ സൽമാൻ ആഗയും റൺ നേടാനാകാതെ പുറത്തായി.

അവസാന ഓവറിലെ ആദ്യ പന്തിൽ ഫർഹാൻ പുറത്തായി. ഒമ്പത് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 100 റൺസുമായാണ് താരം ക്രീസ് വിട്ടത്. ഇതേ ഓവറിൽ തന്നെ ഷഹീൻ ഷാ അഫ്രീദി (നാല്), നസീം ഷാ (ഒന്ന്) എന്നിവരും പുറത്തായതോടെ ആകെ വിക്കറ്റ് നഷ്ടം എട്ടായി. ഓപണർമാർ ഒഴികെ പാക് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ലെന്നത് ശ്രദ്ധേയമാണ്. ശ്രീലങ്കക്കായി മദുഷങ്ക മൂന്നും ശനക രണ്ടും വീതം വിക്കറ്റുകൾ സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 World Cuppakistan vs sri lanka
News Summary - Pakistan vs Sri Lanka | T20 World Cup 2026 | Pak Eliminated Mid-Match vs SL
Next Story