പന്തിൽ സാനിറ്റൈസർ പുരട്ടി; ഇംഗ്ലീഷ് കൗണ്ടി താരത്തിന് സസ്പെൻഷൻ
text_fieldsലണ്ടൻ: മത്സരത്തിനിടെ പന്തിൽ ഹാൻഡ് സാനിറ്റൈസർ പുരട്ടിയതിന് ഇംഗ്ലീഷ് കൗണ്ടി ടീം സസ്സെക്സിന്‍റെ ആസ്ട്രേലിയൻ പേസ് ബോളർ മിച്ചൽ ക്ലെയ്ഡന് സസ്പെൻഷൻ. കഴിഞ്ഞ മാസം മിഡിൽസെക്സിനെതിരെ നടന്ന മത്സരത്തിലായിരുന്നു ക്ലെയ്ഡൻ പന്തിൽ സാനിറ്റൈസർ പുരട്ടിയത്. തുടർന്ന്, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) ക്ലെയ്ഡനെതിരെ അച്ചടക്ക ലംഘനം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടീം താരത്തെ സസ്പെൻഡ് ചെയ്തത്.
'മിഡിൽസെക്സിനെതിരായ മത്സരത്തിൽ പന്തിൽ ഹാൻഡ് സാനിറ്റൈസർ പുരട്ടിയെന്ന ഇ.സി.ബിയുടെ ആരോപണത്തെത്തുടർന്ന് മിച്ചൽ ക്ലെയ്ഡനെ സസ്പെൻഡ് ചെയ്തു. ഈ ഘട്ടത്തിൽ കൂടുതൽ വിശദീകരണമില്ല' -സസ്സെക്സ് ടീം വെബ്സൈറ്റിൽ അറിയിച്ചു.
37കാരനായ ആസ്ട്രേലിയൻ താരത്തെ നടക്കാനിരിക്കുന്ന ബോബ് വില്ലീസ് ട്രോഫി മാച്ചിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് നിലച്ച ക്രിക്കറ്റ് മത്സരങ്ങൾ ഇംഗ്ലണ്ടിൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരങ്ങൾ. ഇതുപ്രകാരം പന്തിൽ ഉമിനീർ തേക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

