ചാമ്പ്യന്മാർക്ക് ഓറഞ്ച് ചലഞ്ച്; ഇംഗ്ലണ്ട് ഇന്ന് നെതർലൻഡ്സിനെതിരെ
text_fieldsപുണെ: ഏഴിൽ ആറ് മത്സരങ്ങളും തോറ്റ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ബുധനാഴ്ച എതിരാളികൾ നെതർലൻഡ്സ്. ബംഗ്ലാദേശിനെതിരായ ജയത്തിലൂടെ ലഭിച്ച രണ്ട് പോയന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ് ഇംഗ്ലീഷുകാരിപ്പോൾ. ഇതിൽ മാറ്റംവരാനും ചാമ്പ്യൻസ് ട്രോഫി യോഗ്യതയെങ്കിലും ലഭിക്കാനും ഓറഞ്ച് പടക്കും തുടർന്ന് പാകിസ്താനുമെതിരെ നടക്കുന്ന മത്സരങ്ങളിൽ ഇംഗ്ലണ്ടിന് ജയം അനിവാര്യം.
ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച നെതർലൻഡ്സാവട്ടെ ബംഗ്ലാദേശിനെ കൂടി തോൽപിച്ച് നാല് പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെയും അവസാന കളിയിൽ ഇന്ത്യയെയും തോൽപിച്ച് സെമിയിലെത്താമെന്ന അതിമോഹമൊന്നും ഡച്ചുകാർക്ക് ബാക്കിയില്ലെങ്കിലും ചാമ്പ്യൻസ് ട്രോഫി വാതിൽ തുറന്നുകിടക്കുന്നുണ്ട്. ഇന്ന് ജയിച്ചാൽ പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് കയറാം നെതർലൻഡ്സിന്.

