‘വെൽഡൺ സഞ്ജു, നാളത്തെ വലിയ സന്തോഷത്തിന് കാത്തിരിക്കാം...’; ട്വന്‍റി20 ലോകകപ്പ് ടീമിൽ താരം സ്ഥാനം അർഹിക്കുന്നതായി പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ സ്ഥാനം അർഹിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
‘നാളെ ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. തീർച്ചയായും നിങ്ങൾ അതിൻ ഒരു സ്ഥാനം അർഹിക്കുന്നു. ഇന്ന് മികച്ച രീതിയിൽ സഞ്ജു അത് തെളിയിച്ചു. നാളത്തെ വലിയ സന്തോഷത്തിന് കാത്തിരിക്കാം’ -സതീശൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സഞ്ജു 22 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 37 റൺസെടുത്താണ് പുറത്തായത്. ഇന്ത്യക്കായി ഓപ്പണർമാരായ സഞ്ജുവും അഭിഷേക് ശർമയും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 5.4 ഓവറിൽ 63 റൺസ് അടിച്ചെടുത്തു.
പരിക്കേറ്റ് പുറത്തായ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പകരമാണ് സഞ്ജു പ്ലെയിങ് ഇലവനിലെത്തിയത്. ഫെബ്രുവരിയിൽ തുടങ്ങുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ഇനി ന്യൂസിലൻഡിനെതിരായ പരമ്പര മാത്രമാണ് ബാക്കിയുള്ളത്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം മത്സരത്തിൽ 30 റൺസിനാണ് ഇന്ത്യയുടെ ജയം. 3-1നാണ് പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പ്രോട്ടീസിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
തിലക് വർമയുടെയും ഹാർദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. 42 പന്തിൽ ഒരു സിക്സും 10 ഫോറുമടക്കം 73 റൺസെടുത്ത തിലകാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഹാർദിക് 25 പന്തിൽ അഞ്ചു വീതം സിക്സും ഫോറുമടക്കം 63 റൺസെടുത്തു. 16 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഒരു ഇന്ത്യക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ അർധ സെഞ്ച്വറിയാണിത്. 12 പന്തിൽ അർധ സെഞ്ച്വറി നേടിയ യുവരാജ് സിങ്ങാണ് ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

