‘ഓപറേഷൻ സിന്ദൂർ ഓൺ ഫീൽഡ്’; പാകിസ്താനെ തോൽപ്പിച്ച് ഏഷ്യ കപ്പ് ജേതാക്കളായ ടീം ഇന്ത്യക്ക് മോദിയുടെ അഭിനന്ദനം
text_fieldsഏഷ്യ കപ്പ് ജേതാക്കളായ ഇന്ത്യൻ ടീം, പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ജേതാക്കളായ ടീം ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഓപറേഷൻ സിന്ദൂറിനോട് ഉപമിച്ചാണ് പ്രധാനമന്ത്രി ഇന്ത്യൻ വിജയത്തെ അഭിനന്ദിച്ചത്. ‘ഗെയിം ഫീൽഡിലെ ഓപറേഷൻ സിന്ദൂർ, ഫലം ഒന്നുതന്നെ -ഇന്ത്യ ജയിച്ചിരിക്കുന്നു. നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ’ -മോദി എക്സിൽ കുറിച്ചു. ഞായറാഴ്ച നടന്ന ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഏഷ്യ കപ്പിലെ ഒമ്പതാം കിരീടം ടീം ഇന്ത്യ സ്വന്തമാക്കിയത്.
നേരത്തെ, പാക് ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ മുഹ്സിൻ നഖ്‍വിയിൽനിന്ന് വിജയികൾക്കുള്ള ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു. ട്രോഫി നൽകാൻ ഇദ്ദേഹം സ്റ്റേജിൽ എത്തിയെങ്കിലും ഇന്ത്യൻ താരങ്ങൾ മുന്നോട്ട് ചെന്നില്ല. തുടർന്ന് വ്യക്തിഗത ട്രോഫികൾ നൽകി ചടങ്ങ് അവസാനിപ്പിക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാകിസ്താനുമായി അകന്നുനിൽക്കാനുള്ള നിലപാട് സ്വീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റിലും ഇന്ത്യ അയൽക്കാരോട് സൗഹൃദം ഉപേക്ഷിച്ചത്.
അതേസമയം, ഏഷ്യ കപ്പ് ട്രോഫിയുമായി ആഘോഷം നടത്താൻ ഇന്ത്യയെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അനുവദിക്കാതിരുന്നത് അംഗീകരിക്കാനാവില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞു. ഏഷ്യ കപ്പ് ഫൈനലിലെ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വിജയത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിന് ശേഷം പി.സി.ബി തലവൻ മൊഹ്സിൻ നഖ്‍വി ട്രോഫിയുമായി ഹോട്ടലിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. ട്രോഫി വാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിനെ തുടർന്ന് ട്രോഫിയുമായി നഖ്‍വി ഹോട്ടലിലേക്ക് പോവുകയായിരുന്നു. മത്സരവിജയത്തിന് ശേഷം ട്രോഫിയില്ലാതെയാണ് ഇന്ത്യൻ ടീം ആഘോഷം നടത്തിയത്.
ആവേശകരമായ ഫൈനൽ മത്സരത്തിൽ രണ്ട് പന്ത് ശേഷിക്കേയാണ് ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്താനെ തകർത്തത്. 53 പന്തിൽ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി. ശിവം ദുബെ 33 റൺസും സഞ്ജു സാംസൺ 24 റൺസും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക് ടീം 19.1 ഓവറിൽ 146ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ 150 റൺസോടെ ലക്ഷ്യം നേടി. ഓപണർമാരായ സാഹിബ്സാദ ഫർഹാനും (38 പന്തിൽ 57) ഫഖർ സമാനും (35 പന്തിൽ 46) ഒഴികെ ആർക്കും പാക് നിരയിൽ പിടിച്ചുനിൽക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

