ഒരൊറ്റ മത്സരം, 3 സൂപ്പര്‍ ഓവറുകൾ ; അനിശ്ചിതത്വം നിറഞ്ഞ ക്രിക്കറ്റിലെ സൂപ്പർ ത്രില്ലർ ഇതാ...
text_fieldsഗ്ലാസ്‌ഗോ: കളിയിലുടെനീളം അനിശ്ചിതത്വം നീണ്ടുനിന്ന മത്സരം തീർക്കാൻ നടത്തിയത് മൂന്ന് സൂപ്പർ ഓവർ പോരാട്ടങ്ങൾ.ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സൂപ്പർ ത്രില്ലർ അരങ്ങേറിയത്. നെതര്‍ലന്‍ഡ്‌സും നേപ്പാളും തമ്മിലായിരുന്നു ക്രിക്കറ്റിലെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച ആ പോരാട്ടത്തിലെ പോരാളികൾ. സ്‌കോട്‌ലന്‍ഡ് ത്രിരാഷ്ട്ര ടി20 മത്സരമാണ് അത്യന്തം നാടകീയമായ മത്സരത്തിന് വേദിയായത്.
മത്സരത്തിന്റെ നിശ്ചിത ഓവറില്‍ ഇരു ടീമുകളും എടുത്ത റണ്‍സുകള്‍ സമനിലയില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് എടുത്തത്. 153 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ നേപ്പാളും 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് തന്നെ കണ്ടെത്തി. പിന്നാലെ നടന്ന ആദ്യ സൂപ്പര്‍ ഓവറും രണ്ട് ടീമുകളും സമനിലയിൽ പിരിഞ്ഞു. ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ ഒരോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 19 റൺസെടുത്തു. കുശൽ ഭുര്‍ട്ടൽ നേടിയ 18 റൺസാണ് നേപ്പാളിനെ മികച്ച സ്കോറിലെത്തിച്ചത്. എന്നാൽ തിരിച്ചടിച്ച നെതർലാൻഡ്സ് ഒരോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസിലെത്തി. ഇതോടെ മത്സരം രണ്ടാമത്തെ സൂപ്പർ ഓവറിലേക്ക് നീങ്ങി. രണ്ടാമത്തെ സൂപ്പര്‍ ഓവറും ഒപ്പത്തിനൊപ്പം തന്നെ നിന്നു. രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ്സ് ഒരു ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അവസാന പന്തിൽ സിക്സർ പറത്തി ദീപേന്ദ്ര സിങ് ഐറി നേപ്പാളിനെ നെതർലാൻഡ്സ് സ്കോറിന് ഒപ്പമെത്തിച്ചു. വിക്കറ്റ് നഷ്ടമില്ലാതെ 17 റൺസാണ് നേപ്പാൾ നേടിയത്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി മൂന്നാമത്തെ സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടു.
ഒടുവില്‍ ഫലം നിര്‍ണയിക്കപ്പെട്ട മൂന്നാം സൂപ്പര്‍ ഓവറില്‍ നേപ്പാളിന്റെ പോരാട്ടത്തെ നെതർലാൻഡ്സ് പിടിച്ചുകെട്ടി. വെറും നാല് പന്തിൽ റൺസെടുക്കും മുമ്പെ രണ്ട് നേപ്പാൾ ബാറ്റർമാരും ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി മൈക്കൽ ലെവിറ്റ് നെതർലാൻഡ്സിന് ത്രില്ലർ പോരിൽ വിജയവും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

