ചെന്നൈ: ഐ.പി.എൽ സീസണിൽ പത്തര മാറ്റ് തിളക്കവുമായി മുന്നേറുന്ന ബാംഗ്ലൂരുവിനും നായകൻ വിരാട് കോഹ്ലിക്കുമേറ്റ അപ്രതീക്ഷിത അടിയായിരുന്നു ചെന്നൈക്കെതിരായ മത്സരം. ആദ്യം ബാറ്റുചെയ്ത എതിരാളികളെ 15 ഓവറിൽ മൂന്നു വിക്കറ്റും 117 റൺസും എന്ന മിനിമം ടോട്ടലിൽ തുടക്കം പിടിച്ചുകെട്ടി ഫീൽഡിങ് മികവ് പുറത്തെടുത്ത ബാംഗ്ലൂർ ടീമിന്‍റെ സ്വപ്നങ്ങൾ അവസാന ഓവറിലെ ആ ഒറ്റയാൾ പ്രകടനത്തിൽ പളുങ്കുപാത്രം കണക്കെ ഉടഞ്ഞുവീഴുകയായിരുന്നു.
രവീന്ദ്ര ജഡേജയായിരുന്നു ചെന്നൈ സൂപർ കിങ്സിന്റെ ഹീറോ ആയത്. ജഡേജ ഉഗ്രരൂപിയായി മാറിയ ആ ഓവറിൽ ചെന്നൈ സ്വന്തം അക്കൗണ്ടിൽ ചേർത്തത് 37 റൺസ്. അതോടെ ടോട്ടൽ 191ഉം. മറുപടി ബാറ്റിങ്ങിൽ എവിടെയുമെത്താനാകാതെ ബാംഗ്ലൂർ മടങ്ങുകയും ചെയ്തു- ഒമ്പതു വിക്കറ്റിന് 122 റൺസ് മാത്രം സമ്പാദ്യം. തോൽവി 69 റൺസിനും.
കളിക്കു ശേഷം വിലയിരുത്താൻ മൈക്കിനു മുന്നിലെത്തിയ കോഹ്ലിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: ''ഒരുത്തൻ ഒറ്റക്ക് ഞങ്ങളെ തോൽപിച്ചു കളഞ്ഞു. ഇന്ന് അവന്‍റെ മിടുക്ക് എല്ലാവരും കൺനിറയെ മൈതാനത്തുകണ്ടു. അവൻ (ഹർഷൽ പേട്ടൽ) നന്നായി പന്തെറിഞ്ഞു. അവന് ഇനിയും ടീമിന്‍റെ പിന്തുണയുണ്ടാകും. മികച്ച രണ്ടു ബാറ്റ്സ്മാൻമാരുടെ വിക്കറ്റെടുത്ത് ചെന്നൈ ബാറ്റിങ്ങിന്‍റെ മുനയൊടിച്ചു. പിന്നെയെത്തി ജദ്ദു അവസാന ഓവറിൽ എല്ലാം കൊണ്ടുപോയി''.
ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല, ഫീൽഡിങ്ങിലും ജഡേജയുടെ മികവ് കാണാൻ ചന്തമുള്ളതാണെന്നും രണ്ടു മാസം കഴിഞ്ഞ് ദേശീയ ടീമിൽ കളിക്കുേമ്പാൾ അത് അവസരമാകുമെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
ചെൈന്നക്കെതിരെ കളി നഷ്ടമായ ബാംഗ്ലൂർ ഈ സീസണിൽ ആദ്യമായാണ് തോൽക്കുന്നത്. അതോടെ ഒന്നാം സ്ഥാനവും ചെന്നൈ ഏറ്റെടുത്തു. ചെന്നൈക്ക് അടുത്ത മത്സരം ഹൈദരാബാദിനെതിരെയാണ്. ബാംഗ്ലൂരിന് ഡൽഹിക്കെതിരെയും.