പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; രണ്ടാം ഏകദിനം ഇന്ന് വിശാഖപട്ടണത്ത്
text_fieldsരണ്ടാം ഏകദിനത്തിനായി വിശാഖപട്ടണത്തെത്തിയ
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മഴയിൽ വിമാനത്താവളത്തിന്
പുറത്തേക്ക്
വിശാഖപട്ടണം: മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും സ്വന്തമാക്കാൻ ഇന്ത്യ ആസ്ട്രേലിയക്കെതിരെ ഇന്നിറങ്ങുന്നു. ഭാര്യാസഹോദരന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പോയിരുന്ന രോഹിത് ശർമ തിരിച്ചെത്തി നായകസ്ഥാനം ഏറ്റെടുക്കും.
ഓപണർ സ്ഥാനത്ത് ഇഷാൻ കിഷൻ രോഹിതിന് വഴിമാറിക്കൊടുക്കും. മുൻനിര തകർന്ന ഒന്നാം ഏകദിനത്തിൽ കെ.എൽ. രാഹുലും രവീന്ദ്ര ജദേജയുമാണ് ആതിഥേയരെ വിജയത്തിലെത്തിച്ചത്. ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവർ എളുപ്പം പുറത്തായിരുന്നു. ട്വന്റി20യിൽ മികവ് പുലർത്തുന്ന സൂര്യകുമാറിന് ഏകദിനത്തിൽ വീണ്ടും കാലിടറുകയാണ്.
കഴിഞ്ഞ മത്സരത്തിൽ നേരിട്ട മിച്ചൽ സ്റ്റാർക്കിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 50 റൺസിലധികം നേടാനാവാതെ 15 ഏകദിന മത്സരങ്ങൾ പിന്നിട്ടിരിക്കുകയാണ് ഈ ബാറ്റർ. ശ്രേയസ് അയ്യർക്ക് പരിക്കായതിനാൽ നാലാം നമ്പർ സ്ഥാനത്ത് സൂര്യകുമാറിന് ഇനിയും അവസരം ലഭിക്കാനാണ് സാധ്യത.
അതേസമയം, ആതിഥേയരുടെ പേസ് ബൗളർമാർ ഗംഭീര ഫോമിലാണ്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് ഒന്നാം ഏകദിനത്തിൽ വൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ആസ്ട്രേലിയയെ 200നുള്ളിൽ ഒതുക്കിയത്. കുൽദീപ് യാദവിനു പകരം അക്സർ പട്ടേലിനെ ഇറക്കാൻ സാധ്യതയുണ്ട്.
മൂന്നാം സീമറുടെ റോളിൽ ഹാർദിക് പാണ്ഡ്യയുണ്ടാകും. ആസ്ട്രേലിയക്ക് ഒന്നാം ഏകദിനത്തിൽ മിച്ചൽ മാർഷ് മികച്ച തുടക്കം നൽകിയിരുന്നു. നാല് ഓൾറൗണ്ടർമാരെ ഇറക്കിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തന്ത്രം പാളുകയും ചെയ്തു.