കണ്ണീരണിഞ്ഞ് കളംവിട്ട മണ്ണിൽ ആഘോഷങ്ങളുടെ നടുവിലേക്ക് വീൽചെയറിൽ പ്രതികയുടെ റിട്ടേൺ
text_fieldsമുംബൈ: ഒരാഴ്ച മുമ്പ് ഇതേ മണ്ണിൽ നിന്നും വിതുമ്പലോടെയായിരുന്നു പ്രതിക റാവൽ കളം വിട്ടത്. ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഫീൽഡിങ്ങിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് പ്രതികക്ക് അടിതെറ്റിയത്.
വീഴ്ചയിൽ വലതുകണങ്കാൽ ഒന്ന് പിണങ്ങി മറ്റൊരു വഴിയിലായി. വേദനയിൽ പുളഞ്ഞ പ്രതിക ഗ്രൗണ്ടിൽ വീണ് കണ്ണീർ പൊഴിച്ചപ്പോൾ, ഒപ്പം കരഞ്ഞത് ടെലിവിഷനിലും ഗാലറിയിലും കളികണ്ട കാണികളുമായിരുന്നു.
സ്മൃതി മന്ദാനക്കൊപ്പം ഓപണിങ് ജോടിയായി മികച്ച ഇന്നിങ്സുകൾ കെട്ടിപ്പടുത്ത താരം, പിന്നീട് വീൽചെയറിലെത്തി ഡഗ് ഔട്ടിൽ സഹതാരങ്ങൾക്ക് പ്രചോദനമായി ഇരിപ്പുറപ്പിച്ചു. പ്രതികക്ക് പകരക്കാരിയായി ഷഫാലി വർമയെ ടീമിലേക്ക് വിളിച്ചായിരുന്നു ഇന്ത്യ സെമിയിൽ ഓസീസിനെ നേരിടാനിറങ്ങിയത്. ഉജ്വല പ്രകടനവുമായി സെമിയിൽ ഇന്ത്യ ആസ്ട്രേലിയയെ കീഴടക്കുമ്പോൾ സഹതാരങ്ങൾക്ക് കരുത്തായി പ്രതികയുണ്ടായിരുന്നു.
ഒടുവിൽ കിരീടപോരാട്ടത്തിനായി ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലിറങ്ങുമ്പോഴും ഊർജം പകരാൻ വീൽചെയറിൽ വേദന കടിച്ചമർത്തി അവരെത്തി. ഒടുവിൽ, ത്രില്ലർ പോരാട്ടത്തിനൊടുവിൽ ഇന്ത്യ കപ്പടിച്ചത് മൈതാനത്ത് ആഘോഷത്തിന്റെ അമിട്ടിന് തിരികൊളുത്തിയപ്പോൾ അവരുടെ നടുവിലായി പ്രതികയെത്തി. പകരക്കാരിയായി ടീമിലെത്തിയ ഷഫാലി വർമ 87 റൺസും, നിർണായകമായ രണ്ടു വിക്കറ്റുമായി ഫൈനലിൽ ക്ലാസിക് പ്രകടനം കാഴ്ചവെച്ചതും ഇരട്ടി മധുരമായി.
ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ ഏഴു മത്സരങ്ങളിൽ സ്മൃതി മന്ദാനക്കൊപ്പം ഓപണറായിറങ്ങി, മികച്ച ഇന്നിങ്സുകൾക്ക് തുടക്കം കുറിച്ച പ്രതിക റാവൽ, ഏഴ് മത്സരങ്ങളിൽ നിന്നായി 308 റൺസാണ് അടിച്ചെടുത്തത്.
‘ഫീൽഡിൽ എനിക്ക് പോരാടാൻ കഴിഞ്ഞില്ല. പക്ഷേ, എന്റെ ഹൃദയം ഒരിക്കലും ടീം വിട്ടിരുന്നില്ല. ഓരോ ആരവവും കണ്ണീരും എന്റേത് കൂടിയായിരുന്നു’ -കിരീട വിജയാഘോഷത്തിന്റെ നടുവിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രതിക ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചത് ഇങ്ങനെ.
‘ഈ നിമിഷം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ തോളിലെ ഈ പതാക എല്ലാത്തിനും അർത്ഥം നൽകുന്നു. ടീമിനൊപ്പം ഇവിടെ നിൽക്കുന്നത് അതിശയകരമാണ്. പരിക്കുകൾ കളിയുടെ ഭാഗമാണ്. ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം’ -ഫൈനലിനു ശേഷം പ്രതിക പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

