'ഒരു ചായ എടുക്കട്ടെ ശിഖർ..!'; കാർഗിൽ വിജയം ഓർമിപ്പിച്ച ശിഖർ ധവാനെ പരിഹസിച്ച് വീണ്ടും ഷാഹിദ് അഫ്രീദി
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാനും ഷാഹിദ് അഫ്രീദിയും തമ്മിലുള്ള വാക്ക്പോര് തുടരുന്നു.
കാർഗിൽ യുദ്ധ വിജയം ഓർമിപ്പിച്ച ധവാന് മറുപടിയായാണ് അഫ്രീദി രംഗത്തെത്തിയത്. 'ജയവും തോൽവിയും മറക്കൂ, ശിഖർ, ഒരു ചായ കുടിക്കാം' എന്നായിരുന്നു അഫ്രീദിയുടെ പരിഹാസം.
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പിടിപ്പുകേടാണെന്ന പരാമർശവുമായി അഫ്രീദി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകിയ ധവാന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചാണ് അഫ്രീദിയുടെ പുതിയ പോസ്റ്റ്. കൂടെ ആർമി ടീഷർട്ട് ധരിച്ച് ചായ കുടിക്കുന്ന തന്റെ പടവും അഫ്രീദി നൽകിയിട്ടുണ്ട്. എന്നാൽ ഇതിനോട് ധവാൻ പ്രതികരിച്ചിട്ടില്ല.
‘ഞങ്ങൾ നിങ്ങളെ കാർഗിലിൽ തോൽപ്പിച്ചിട്ടുണ്ട്. ഇപ്പോൾത്തന്നെ നിങ്ങൾ തരംതാണ് നിലംതൊട്ട അവസ്ഥയിലാണ്. ഇനിയും നിങ്ങൾ എത്രത്തോളം തരംതാഴും? ഇത്തരം അനാവശ്യ പരാമർശങ്ങൾ നടത്തുന്നതിനു പകരം, നിങ്ങളുടെ മനസ്സും ചിന്തയും സ്വന്തം രാജ്യത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കൂ അഫ്രീദി. ഞങ്ങൾ ഇന്ത്യക്കാർക്ക് ഞങ്ങളുടെ സൈന്യത്തെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂ. ഭാരത് മാതാ കീ ജയ്. ജയ് ഹിന്ദ്’ – എന്നായിരുന്നു ശിഖർ ധവാൻ അഫ്രീദിക്ക് മറുപടിയായി എക്സിൽ കുറിച്ചത്.
നേരത്തെ, ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ഇന്ത്യൻ സൈന്യം സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാകിസ്താനുമേൽ ചുമത്തുകയാണെന്ന് വിവാദ പരാമർശം അഫ്രീദി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

