ലോകകപ്പ് കാണാൻ ഒഴുകിയെത്തിയത് 12.5 ലക്ഷം കാണികൾ; സർവകാല റെക്കോഡ്
text_fieldsഅഹമ്മദാബാദ്: ഇന്ത്യയിലെ പത്തു വേദികളിലായി നടന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഒഴുകിയെത്തിയത് റെക്കോഡ് കാണികൾ. 12,50,307 പേരാണ് ലോകകപ്പ് കാണാൻ സ്റ്റേഡിയത്തിലെത്തിയത്. കാണികളുടെ എണ്ണത്തിൽ ലോകകപ്പ് ചരിത്രത്തിലെ സർവകാല റെക്കോഡാണിത്. ഫൈനൽ മത്സരത്തിന് മാത്രം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിലെത്തിയത് 92,453 പേരായിരുന്നു.
2015ൽ ആസ്ട്രേലിയയിലും ന്യൂസിലാൻഡിലുമായി നടന്ന ലോകകപ്പിൽ 10,16,420 ആയിരുന്നു ആകെ ഹാജർനില. 2019 ൽ ഇംഗ്ലണ്ടിലും വെയ്‌ൽസിലുമായി നടന്ന ലോകകപ്പ് 7,52,000 ത്തോളം പേർ സ്റ്റേഡിയത്തിലെത്തിയിരുന്നു. എന്നാൽ ഇന്ത്യയിൽ സെമി ഫൈനലിന് മുൻപേ 10 ലക്ഷം പിന്നിട്ട് കാണികളുടെ എണ്ണത്തിൽ റെക്കോഡിട്ടിരുന്നു.
പ്രതീക്ഷിച്ചതുപോലെ ഡിജിറ്റൽ വ്യൂവർഷിപ്പ് റെക്കോർഡുകൾ തകർത്തു. ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്‌പോർട്‌സിന്റെ തത്സമയ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്സ്റ്റാറിൽ ഇന്ത്യ- ആസ്ട്രേലിയ ഫൈനൽ മത്സരം കണ്ടത് 5.9 കോടി പേരാണ്. ഇന്ത്യ- ന്യൂസിലൻഡ് സെമിഫൈനലിൽ 4.3 കോടി കാഴ്ചക്കാരുണ്ടായിരുന്നു.