മൂന്നാം ഏകദിനം: ഇന്ത്യയെ ബാറ്റിങ്ങിന് വിട്ട് ന്യൂസിലൻഡ്; ഷമിക്കും സിറാജിനും പകരം ചഹലും ഉംറാനും കളിക്കും
text_fieldsരണ്ടു കളികളും അനായാസം ജയിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും ഏകദിന റാങ്കിങ്ങിൽ ഒന്നാം നമ്പറാകാമെന്ന സ്വപ്നവുമായി വിജയം തേടിയിറങ്ങുന്ന ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ ബാറ്റിങ്. ടോസ് നേടിയ കിവി ക്യാപ്റ്റൻ ടോം ലഥാം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയായിരുന്ന മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകി പകരം ഉംറാൻ മാലിക്, യുസ്വേന്ദ്ര ചഹൽ എന്നിവരെ പരീക്ഷിച്ചാണ് രോഹിത് ടീം ഇന്ത്യയെ ഇറക്കിയത്. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, ഇശാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശഹ്ബാസ് അഹ്മദ്/വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ഉംറാൻ മാലിക്, ഷാർദുൽ താകൂർ എന്നിവരാണ് ടീം.
ഏകദിനത്തിൽ ഇന്ത്യ കുറിച്ച ഏറ്റവും ഉയർന്ന സ്കോറായ 418 പിറന്ന മൈതാനത്താണ് വീണ്ടും ഇറങ്ങുന്നതെന്ന ആനുകൂല്യം ഇന്ത്യയെ സഹായിക്കും. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ഇന്ത്യ റൺമല ഉയർത്തിയിരുന്നത്. ഒരു പതിറ്റാണ്ടിലേറെ പിന്നിട്ടെങ്കിലും ഇത്തവണയും റണ്ണൊഴുകുമെന്നുതന്നെയാണ് പ്രതീക്ഷ.
അടുത്തിടെ ശ്രീലങ്കയെ 3-0ന് തൂത്തുവാരി ന്യൂസിലൻഡിനെതിരെ കളിക്കുന്ന ഇന്ത്യ ആദ്യ രണ്ടു കളികളും ആധികാരിക പ്രകടനവുമായാണ് ജയം പിടിച്ചത്. ഇരട്ട ശതകവുമായി ലോക റെക്കോഡ് തൊട്ട ശുഭ്മാൻ ഗില്ലും വെടിക്കെട്ടുയർത്താൻ സൂര്യകുമാർ യാദവുമടക്കം ഏറ്റവും കരുത്തുറ്റ ബാറ്റിങ് നിരയാണ് ടീം ഇന്ത്യയുടെത്. ബൗളിങ്ങിൽ ഉംറാൻ മാലികിന്റെ വേഗവൂം കുൽദീപ്, ചഹൽ കൂട്ടുകെട്ടിന്റെ സ്പിൻ മാജികും കൂട്ടുണ്ടാകുമ്പോൾ ഇന്ത്യക്ക് കരുത്താകും.
ഒടുവിൽ റിപ്പോർട്ട കിട്ടുമ്പോൾ 2.2 ഓവറിൽ വിക്കറ്റ് പോകാതെ 11 റൺസുമായി നിൽക്കുകയാണ് ഇന്ത്യ.