ഇന്ത്യയല്ല, പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫി കിരീട ഫേവറിറ്റുകളെന്ന് സുനിൽ ഗവാസ്കർ
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പാക്സിതാനെ ഫേവറിറ്റുകളായി കണക്കാക്കണമെന്ന് ഇന്ത്യയുടെ മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. സ്വന്തം തട്ടകത്തിൽ കളിക്കുന്നതിന്റെ മുൻതൂക്കം പാകിസ്താനുണ്ടെന്നും നിലവിലെ ചാമ്പ്യന്മാരായ ആതിഥേയ ടീമിന്റെ നേട്ടം വിസ്മരിക്കാനാവില്ലെന്നും ഗവാസ്കർ പറയുന്നു.
“സ്വന്തം സാഹചര്യങ്ങളിൽ ഒരു ടീമിനെ തോൽപ്പിക്കുന്നത് എല്ലായ്പ്പോഴും വെല്ലുവിളിയായതിനാൽ ഹോം ടീമായ പാകിസ്താനെ ഫേവിറിറ്റുകളായി കണക്കാക്കണം”- എന്നാണ് സ്റ്റാർ സ്‌പോർട്‌സിൽ നൽകിയ അഭിമുഖത്തിൽ ഗവാസ്‌കർ പറഞ്ഞത്.
2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യയുടെ സമീപകാല പ്രകടനങ്ങൾ എടുത്തുപറയേണ്ടതാണെന്ന് ഗവാസ്കർ പറയുന്നു. ഫൈനൽ വരെ തുടർച്ചയായി പത്ത് മത്സരങ്ങൾ വിജയിച്ചുവെന്നത് നിസാര കാര്യമല്ലെന്ന് ഗവാസ്കർ പറയുമ്പോഴും മുൻതൂക്കം നൽകുന്നത് ആതിഥേയർക്ക് തന്നെയാണ്.
ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി പാകിസ്താനും യു.എ.ഇയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ പാകിസ്താൻ ഉൾപ്പെടുന്ന എ ഗ്രൂപ്പിലാണ് ഇന്ത്യയും ബംഗ്ലാദേശും ന്യൂസിലാൻഡും.
ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ആസ്‌ട്രേലിയ ഉൾപ്പെടുന്ന ബി ഗ്രൂപ്പിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താൻ എന്നീ ടീമുകളാണുള്ളത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈയിലാണ് നടക്കുന്നത്. ഇന്ത്യ-പാകിസ്താൻ പോരാട്ടം ഫെബ്രുവരി 23നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

