ആർ.സി.ബിയോ സി.എസ്.കെയോ മുംബൈയോ അല്ല! 2025ൽ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഐ.പി.എൽ ടീമിന് ഒരു കിരീടം പോലുമില്ല...
text_fieldsമുംബൈ: ആരാധകരുടെ നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ആദ്യമായി ഒരു ഐ.പി.എൽ കിരീടം നേടുന്നത് 2025 സീസണിലാണ്. ഐ.പി.എല്ലിന്‍റെ തുടക്കം മുതൽ ആർ.സി.ബി ടീമിനൊപ്പമുള്ള സൂപ്പർ താരം വിരാട് കോഹ്ലിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് കൂടിയാണ് അന്ന് അവസാനിച്ചത്. എന്നാൽ, 2025ൽ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഐ.പി.എൽ ടീം കോഹ്ലിയുടെ ആർ.സി.ബി അല്ല!
ഐ.പി.എല്ലിൽ അഞ്ചു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും (സി.എസ്.കെ) മുംബൈ ഇന്ത്യൻസും ആ പട്ടികയിലില്ല. ഐ.പി.എൽ ചരിത്രത്തിൽ ഒരു കിരീടം പോലുമില്ലാത്ത പഞ്ചാബ് കിങ്സിനെയാണ് ഈ വർഷം ഗൂഗ്ളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത്. 2025 ഐ.പി.എല്ലിലെ റണ്ണേഴ്സ് അപ്പാണ് പഞ്ചാബ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത സ്പോർട്സ് ടീമുകളിൽ പാരീസ് ഫുട്ബാൾ ക്ലബായ പി.എസ്.ജി, പോർചുഗൽ ഫുട്ബാൾ ക്ലബ് ബെൻഫിക്ക, ടൊറന്റോ ആസ്ഥാനമായുള്ള നേഡിയൻ പ്രഫഷനൽ ബേസ്ബാൾ ടീമായ ടൊറന്റോ ബ്ലൂ ജെയ്സ് എന്നിവർക്കു പിന്നിൽ നാലാമതാണ് പഞ്ചാബ്.
ഐ.പി.എല്ലിൽ കൂടുതൽ സെർച്ച് ചെയ്ത് ടീമുകളിൽ ഡൽഹി കാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, ലഖ്നോ സൂപ്പർ ജയന്‍റ്സ് എന്നീ ടീമുകളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള പഞ്ചാബ് 11 വർഷത്തിനുശേഷമാണ് ഒരു ഐ.പി.എൽ ഫൈനൽ കളിക്കുന്നത്. കലാശപ്പോരിൽ ആർ.സി.ബിക്കു മുന്നിൽ ആറു റൺസിനാണ് ടീം വീണത്.
കഴിഞ്ഞ ഐ.പി.എൽ മെഗാ താര ലേലത്തിൽ റെക്കോഡ് തുകയായ 26.75 കോടി രൂപക്കാണ് ശ്രേയസ്സിനെ ടീമിലെടുത്തത്. ലീഗ് സ്റ്റേജിൽ 14 മത്സരങ്ങളിൽ ഒമ്പതും ജയിച്ച് ഒന്നാമാതായാണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. ആർ.സി.ബി രണ്ടാമതും.
ഐ.പി.എൽ മിനി ലേലം 16ന് അബൂദബിയിൽ
ഈമാസം 16ന് അബൂദബിയിൽ നടക്കുന്ന ഐ.പി.എൽ മിനി ലേലത്തിനായി രജിസ്റ്റർ ചെയ്തത് 1355 താരങ്ങൾ. ആസ്ട്രേലിയൻ സൂപ്പർതാരം കാമറൂൺ ഗ്രീനടക്കം 45 താരങ്ങളാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപ പട്ടികയിലുള്ളത്. ഇന്ത്യൻ താരങ്ങളായ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയുമാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ.
ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടില്ല. 4.2 കോടി രൂപക്ക് പഞ്ചാബ് കിങ്സിൽ കളിച്ച മാക്സ്‍വെല്ലിനെ ഇത്തവണ ടീം ഒഴിവാക്കിയിരുന്നു. നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, യു.എസ്.എ ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് ലേല മേശയിലെത്തുന്നത്. ഓസീസ് ക്രിക്കറ്റർ സ്റ്റീവ് സ്മിത്തും മിനി ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 മുതൽ തരം ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ആരും വാങ്ങിയിരുന്നില്ല. പഞ്ചാബ് കിങ്സ് (പി.ബി.കെ.എസ്) ഇത്തവണ ഒഴിവാക്കിയ ജോഷ് ഇംഗ്ലിസും ലേല പട്ടികയിലുണ്ട്. കഴിഞ്ഞ സീസണിൽ 23.75 കോടി രൂപക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ) ടീമിലെടുത്തത്. രവി ബിഷ്ണോയിയെ ലഖ്നോ സൂപ്പർ ജയന്‍റ്സ് (എൽ.സ്.ജി) 14 കോടി രൂപക്ക് നിലനിർത്തി. ഇത്തവണ ഇരുവരെയും ടീമുകൾ ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ തവണ ആരും വാങ്ങാതിരുന്ന ഇന്ത്യൻ താരങ്ങളായ ഉമേഷ് യാദവ്, പ്രിഥ്വി ഷാ, സർഫറാസ് ഖാൻ എന്നിവരും പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്, വിൻഡീസിന്‍റെ ആന്ദ്രെ റസ്സൽ, ഇംഗ്ലീഷ് താരം മുഈൻ അലി എന്നിവർ ലേലത്തിനില്ല. ഡുപ്ലെസിസും മുഈൻ അലിയും പാകിസ്താൻ പ്രീമിയർ ലീഗിലേക്ക് ചുവടുമാറ്റിയപ്പോൾ, റസ്സൽ കൊൽക്കത്തയുടെ പരിശീലക റോളിലേക്ക് മാറി. ഓൾ റൗണ്ടർ എന്ന നിലയിൽ കാമറൂൺ ഗ്രീനായിരിക്കും മിനി ലേലത്തിലെ ഏറ്റവും വിലയേറിയ താരമെന്നാണ് വിലയിരുത്തൽ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും (64.30 കോടി) ചെന്നൈ സൂപ്പർ കിങ്സിന്‍റെയും (43.40 കോടി) പഴ്സിലാണ് ഏറ്റവും കൂടുതൽ പണമുള്ളത്. ഏറ്റവും കുറവ് മുംബൈ ഇന്ത്യൻസിന്‍റെ (2.75 കോടി) കൈയിലും. 10 ടീമുകളിലായി 77 ഒഴിവുകളാണുള്ളത്. പരമാവധി 31 വിദേശ താരങ്ങളെ ഉൾപ്പെടുത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

