ഷമിയുടെ ടെസ്റ്റ് മടങ്ങിവരവ് വൈകും! ഇംഗ്ലണ്ട് പര്യടനത്തിൽ താരം കളിക്കില്ല; കാരണം ഇതാണ്...
text_fieldsമുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് പുതിയ ടെസ്റ്റ് നായകനെയും പ്രഖ്യാപിക്കണം. രോഹിത് ശർമ വിരമിച്ച ഒഴിവിലേക്ക് ശുഭ്മൻ ഗില്ലിനാണ് കൂടുതൽ സാധ്യത.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയയോട് 1-3ന് പരമ്പര കൈവിട്ട ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരമാണിത്. 2007നുശേഷം ഇംഗ്ലണ്ടിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പേസ് കുന്തമുന ജസ്പ്രീത് ബുംറ തന്നെയാകും ഇന്ത്യയുടെ ബൗളിങ് അറ്റാക്കിനെ നയിക്കുക. എന്നാൽ, മറ്റൊരു സീനിയർ ബൗളറായ മുഹമ്മദ് ഷമി ടീമിൽ ഉണ്ടാകില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ടെസ്റ്റ് ടീമിൽനിന്ന് താരത്തെ ഒഴിവാക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദീർഘ നേരം പന്തെറിയാനുള്ള കായികക്ഷമത ഷമിക്കില്ലെന്നാണ് ബി.സി.സി.ഐ വൈദ്യസംഘം റിപ്പോർട്ട് നൽകിയത്. ഇക്കാരണത്താൽ താരത്തെ ഒഴിവാക്കി മറ്റൊരു പേസറെ പരിഗണിച്ചേക്കും. അങ്ങനെയെങ്കിൽ അർഷ്ദീപ് സിങ്ങിന് ടെസ്റ്റ് അരങ്ങേറ്റത്തിന് വഴിയൊരുങ്ങും. 2023 ജൂണിൽ ആസ്ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി ഇന്ത്യക്കുവേണ്ടി അവസാനമായി ടെസ്റ്റ് കളിച്ചത്.
2023 ഏകദിന ലോകകപ്പിൽ മികച്ച ഫോമിൽ പന്തെറിഞ്ഞ താരം, കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി ഏറെനാൾ വിശ്രമത്തിലായിരുന്നു. ട്വന്‍റി20 ടീമിൽ ഇന്ത്യയുടെ പ്രധാന ബൗളറാണെങ്കിലും അർഷ്ദീപിന് ഇതുവരെ ടെസ്റ്റ് സ്ക്വാഡിൽ ഇടം കണ്ടെത്താനായിട്ടില്ല. ഇന്ത്യക്കുവേണ്ടി ഒമ്പതു ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിന്‍റെ താരമാണ്.
ഹരിയാനയുടെ വലങ്കൈയൻ പേസറായ അൻശുൽ കംബോജും ടെസ്റ്റ് സ്ക്വാഡിൽ ഇടംനേടിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യ എ സ്ക്വാഡിൽ കംബോജ് കളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

