സഞ്ജുവില്ല! സ്പിന്നർ ഹർഭജന്‍റെ ഏഷ്യ കപ്പ് സ്ക്വാഡിൽ ശുഭ്മൻ ഗില്ലും ശ്രേയസ്സും
text_fieldsമുംബൈ: ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ അജിത് അഗാർക്കർ തലവനായ സെലക്ഷൻ കമ്മിറ്റി രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. ഫിറ്റ്നസ് വീണ്ടെടുത്ത സുര്യകുമാർ യാദവ് തന്നെയാകും ടീമിനെ നയിക്കുക.
ജൂണിൽ ഹെർണിയ ശസ്ത്രക്രിയക്കു വിധേയനായ 34കാരൻ ഒരു മാസത്തോളം വിശ്രമത്തിലായിരുന്നു. ഇതോടെ താരം ഏഷ്യ കപ്പിൽ കളിക്കുമോ എന്ന കാര്യം സംശയത്തിലായിരുന്നു. ഫിറ്റ്നസ് തെളിയിച്ചതോടെ താരം ടീമിലുണ്ടാകുമെന്ന് ഉറപ്പായി. 15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കുക. ഇതിനിടെയാണ് മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം ഹർഭജൻ സിങ് ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ സാധ്യത സ്ക്വാഡിനെ പ്രവചിച്ചിരിക്കുന്നത്. 2016ൽ ട്വന്‍റി20 ഫോർമാറ്റിൽ കളിച്ച ഏഷ്യ കപ്പ് വിജയച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഹർഭജൻ.
മലയാളി താരം സഞ്ജു സാംസണ് ഹർഭജന്‍റെ ടീമിൽ ഇടമില്ലെന്നതാണ് ഏറെ ശ്രദ്ധേയം. ട്വന്‍റി20 ഫോർമാറ്റിൽ തകർപ്പൻ ഫോമിൽ ബാറ്റുവീശുന്ന സഞ്ജുവിനു പകരം യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, അഭിഷേക് ശർമ എന്നിവരെയാണ് ഓപ്പണർമാരായി സ്ക്വാഡിൽ ഹർഭജൻ ഉൾപ്പെടുത്തിയിരിക്കുന്നത്. 2023ൽ അവസാന ട്വന്‍റി20 കളിച്ച ശ്രേയസ്സ് അയ്യർക്ക് സ്ക്വാഡിൽ ഇടംലഭിച്ചു. തിലക് വർമയും ടീമിനു പുറത്താണ്. വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, റയാൻ പരാഗ് എന്നിവരാണ് ടീമിലെ സ്പിൻ ഓൾ റൗണ്ടർമാർ.
കെ.എൽ. രാഹുലിന്‍റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. രണ്ടാമതൊരു വിക്കറ്റ് കീപ്പറുടെ പേര് സ്ക്വാഡിൽ ഉൾപ്പെടുത്തത്തതിനാൽ രാഹുലും മികച്ച ഒരു ഓപ്ഷനാണെന്നും ഹർഭജൻ പറഞ്ഞു. 2022 ലോകകപ്പിനുശേഷം രാഹുൽ ട്വന്‍റി20 ഫോർമാറ്റിൽ ഇന്ത്യക്കായി കളിച്ചിട്ടില്ല. ടെസ്റ്റിലും ഏകദിനത്തിലും സ്ഥിരം സാന്നിധ്യമാണ്. സെപ്റ്റംബർ ഒമ്പതു മുതൽ 28 വരെ യു.എ.ഇയിലാണ് ടൂർണമെന്‍റ് നടക്കുന്നത്. സെപ്റ്റംബർ 10ന് യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് ദുബൈയിൽ ചിരവൈരികളായ പാകിസ്താനുമായി ഇന്ത്യ ഏറ്റുമുട്ടും.
ഹർഭജന്‍റെ ഏഷ്യ കപ്പ് സ്ക്വാഡ്;
യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശ്രേയസ്സ് അയ്യർ, വാഷിങ്ടൺ സുന്ദർ, റയാൻ പരാഗ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

