ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ - പാകിസ്താൻ പോരാട്ടം ഇനിയില്ല? ബി.സി.സി.ഐ ഐ.സി.സിക്ക് കത്തയച്ചെന്ന് റിപ്പോർട്ട്
text_fields29 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ - പാകിസ്താൻ നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലാണ് സംഭവിച്ചത്. ഇതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ബി.സി.സി.ഐയും ഒരുങ്ങുന്നതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.
ഒരു വ്യാഴവട്ടക്കാലമായി ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നത് ഐ.സി.സി ടൂർണമെന്‍റുകളിലും ഏഷ്യാകപ്പിലും മാത്രമാണ്. ഇന്ത്യ -പാകിസ്താൻ മത്സരത്തിന് സ്റ്റേഡിയം നിറയുമെന്നതിനാൽ, ഇത് ഉറപ്പാക്കാനായി ഇരു ടീമുകളും തമ്മിൽ ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടുന്ന രീതിയിലാകും ഐ.സി.സി മത്സരക്രമങ്ങൾ പ്രഖ്യാപിക്കുന്നതും. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഐ.സി.സി ടൂർണമെന്‍റുകളിൽ ഇനിമുതൽ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ ഐ.സി.സിക്ക് കത്തയച്ചതായാണ് റിപ്പോർട്ട്.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഈ വർഷം പുരുഷ ടീമുകൾക്ക് ഐ.സി.സി ടൂർണമെന്‍റുകളില്ല. എന്നാൽ വനിതാ ക്രിക്കറ്റ് ലോകകപ്പ് സെപ്റ്റംബർ -ഒക്ടോബർ കാലയളവിൽ ഇന്ത്യയിൽ നടക്കും. പാകിസ്താൻ വനിതാ ടീമും ഇതിന് യോഗ്യത നേടിയിട്ടുണ്ട്. നേരത്തെയുള്ള കരാർ പ്രകാരം പാകിസ്താന്‍റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്ത് മറ്റൊരു വേദിയിലാകും നടക്കുക.
സെപ്റ്റംബറിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന ഏഷ്യ കപ്പിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ട്വന്‍റി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്‍റ് നിഷ്പക്ഷ വേദിയിലാകും സംഘടിപ്പിക്കുക. പാകിസ്താനുമായുള്ള മത്സരങ്ങളിൽ കളിക്കണോ വേണ്ടയോ എന്നത് സർക്കാർ നിലപാട് അനുസരിച്ച് തീരുമാനിക്കുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

