ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുരാനും പടിയിറങ്ങി; വിരമിക്കൽ പ്രഖ്യാപനം 29-ാം വയസ്സിൽ
text_fieldsനിക്കോളസ് പുരാൻ
അന്താരാഷ്ട്ര ക്രിക്കറ്റിൽ സമീപകാലത്തെ വിരമിക്കൽ പ്രഖ്യാപനങ്ങളുടെ പട്ടികയിൽ ഒടുവിൽ വെസ്റ്റിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളസ് പുരാനും. വിൻഡീസിന്‍റെ മുൻ ക്യാപ്റ്റൻ കൂടിയായ പുരാൻ 29-ാം വയസ്സിലാണ് തന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ തീരുമാനമറിയിച്ച താരം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരുമെന്നാണ് സൂചന. ബുദ്ധിമുട്ടേറിയ തീരുമാനമെന്നും മെറൂൺ കുപ്പായത്തിൽ കളിക്കാനായത് അഭിമാനമാണെന്നും താരം കുറിച്ചു.
“ഒരുപാട് ആലോചിച്ച ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. നമ്മൾ ഇഷ്ടപ്പെടുന്ന ഈ ഗെയിമിലൂടെ ഒരുപാട് സന്തോഷവും ലക്ഷ്യബോധവും മറക്കാനാവാത്ത ഓർമകളും വെസ്റ്റിൻഡീസ് ജനതയെ പ്രതിനിധീകരിക്കാനുള്ള അവസരവും ലഭിച്ചു. ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ നയിക്കാനായത് വലിയ അംഗീകാരമായി കാണുന്നു.
ആരാധകരുടെ സ്നേഹത്തിന് നന്ദി. നിങ്ങൾ എന്‍റെ ഓരോ നിമിഷവും മനോഹരമാക്കി. എന്നോടൊപ്പം ഈ യാത്രയിൽ എപ്പോഴുമുണ്ടാകുകയും എന്നെ വിശ്വസിക്കുകയും ചെയ്ത കുടുംബം, സുഹൃത്തുക്കൾ, സഹതാരങ്ങൾ... എല്ലാവർക്കും നന്ദി. അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ഈ അധ്യായം അവസാനിച്ചെങ്കിലും വെസ്റ്റിൻഡീസിനോടുള്ള എന്‍റെ സ്നേഹം ഒരിക്കലും കുറയില്ല. മുന്നോട്ടുള്ള യാത്രയിൽ ടീമിന് വിജയാശംസ നേരുന്നു” -പുരാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സമീപകാലത്ത് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് കണ്ട മികച്ച ആക്രമണ ബാറ്റര്‍മാരിലൊരാളാണ് പുരാന്‍. 2016ല്‍ ടി20 ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് വിന്‍ഡീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി മാറി. 106 ടി20 മത്സരങ്ങളില്‍ പാഡണിഞ്ഞ താരം വിൻഡീസിനായി കുട്ടിക്രിക്കറ്റിൽ ഏറ്റവുമധികം മത്സരം കളിച്ച താരമാണ്. 2,275 റണ്‍സാണ് ടി20 കരിയറിലെ സമ്പാദ്യം. 2019ൽ ഏകദിനത്തിൽ അരങ്ങേറിയ പുരാൻ 61 ഏകദിനങ്ങളില്‍ നിന്നായി 1983 റണ്‍സ് നേടി. മൂന്ന് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും ഈ ഫോര്‍മാറ്റില്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.
ഇക്കഴിഞ്ഞ സീസണിൽ ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനായി പാഡണിഞ്ഞ പുരാൻ മിന്നുംപ്രകടമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളിൽനിന്ന് അഞ്ച് അർധ ശതകങ്ങളുൾപ്പെടെ 524 റൺസാണ് അടിച്ചെടുത്തത്. നേരത്തെ ആസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെൽ ഏകദിനത്തിൽനിന്നും ദക്ഷിണാഫ്രിക്കയുടെ ഹെയ്ന്റിച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുരാനും പടിയിറങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.