ന്യൂസിലൻഡ് സെമിയിൽ
text_fieldsകെയ്ൻ വില്യംസണിന്റെ ബാറ്റിങ്
അഡ് ലെയ്ഡ്: ട്വന്റി20 ലോകകപ്പിൽ സെമി ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി ന്യൂസിലൻഡ്. ഗ്രൂപ്ഒന്നിൽ അയർലൻഡിനെ 35 റൺസിന് തോൽപിച്ചാണ് കിവീസ് അവസാന നാലിൽ ഇടമുറപ്പിച്ചത്. ഇതേ ഗ്രൂപ്പിൽ അഫ്ഗാനിസ്താനെ നാല് റൺസിന് മറികടന്ന ആതിഥേയരായ ആസ്ട്രേലിയ സെമി പ്രതീക്ഷ നിലനിർത്തി.
ഗ്രൂപ്പിലെ അവസാന കളിയിൽ ഇന്ന് ശ്രീലങ്കയെ നേരിടുന്ന ഇംഗ്ലണ്ടിന് ജയിച്ചാൽ റൺശരാശരിയിൽ ഓസീസിനെ പിന്തള്ളി സെമിയിൽ കടക്കാം. ഇംഗ്ലണ്ട് തോറ്റാൽ ആസ്ട്രേലിയ മുന്നേറും.
അയർലൻഡിനെതിരെ ആധികാരിക ജയമായിരുന്നു ന്യൂസിലൻഡിന്റേത്. ആദ്യം ബാറ്റുചെയ്ത കിവീസ് ആറിന് 185 റൺസടിച്ചപ്പോൾ ഐറിഷ് ഇന്നിങ്സ് ഒമ്പതിന് 150ൽ അവസാനിച്ചു. 35 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറുമടക്കം 61 റൺസടിച്ച നായകൻ കെയ്ൻ വില്യംസണായിരുന്നു കിവീ മുന്നേറ്റം നയിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡുകാരെ മൂന്നു വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെർഗൂസണും രണ്ടു വിക്കറ്റ് വീതമെടുത്ത ടിം സൗത്തിയും മിച്ചൽ സാന്റ്നറും ഇഷ് സോധിയും കൂടി ഒതുക്കി.
ഓസീസിനെ വിറപ്പിച്ചാണ് അഫ്ഗാൻ കീഴടങ്ങിയത്. എട്ടിന് 168 റൺസെടുത്ത ആസ്ട്രേലിയക്കെതിരെ അവസാന പന്തുവരെ പൊരുതിയ അഫ്ഗാൻ ഏഴിന് 164 റൺസെടുത്തു. 23 പന്തിൽ നാലു സിക്സും മൂന്നു ഫോറും പായിച്ച് പുറത്താവാതെ 48 റൺസടിച്ച റാഷിദ് ഖാൻ അവസാന ഘട്ടത്തിൽ ആഞ്ഞടിച്ചപ്പോൾ ആസ്ട്രേലിയ വിറച്ചു.
അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് വേണ്ടിയിരിക്കെ മാർകസ് സ്റ്റോയ്നിസിന്റെ ഓവറിൽ റാഷിദ് 17 റൺസെടുത്തു. 18 പന്തിൽ ജയിക്കാൻ വേണ്ട 49 റൺസിൽ 44 അടിച്ചെടുക്കാൻ അഫ്ഗാനായി. നേരത്തേ ഗ്ലെൻ മാക്സ് വെല്ലും (32 പന്തിൽ രണ്ടു സിക്സും ആറു ഫോറുമടക്കം പുറത്താവാതെ 54) മിച്ചൽ മാർഷും (30 പന്തിൽ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 45) ആണ് ഓസീസിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

