ഇന്ത്യക്ക് ട്വന്‍റി20യിലെ രണ്ടാമത്തെ ഏറ്റവും വലിയ തോൽവി; പരമ്പര നഷ്ടത്തിനു പിന്നാലെ ന്യൂസിലൻഡിന്‍റെ ഗംഭീര തിരിച്ചുവരവ്
text_fieldsഓക്ലൻഡ്: സ്വന്തം ആരാധകർക്കു മുന്നിൽ ആദ്യ മൂന്നു മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ട ന്യൂസിലൻഡിന് നാലാം ട്വന്‍റി20 മത്സരത്തിൽ ഗംഭീര ജയം. കീവീസ് ട്വന്‍റി20 ഫോർമാറ്റിലെ തങ്ങളുടെ എറ്റവും വലിയ സ്കോർ കണ്ടെത്തിയപ്പോൾ ഇന്ത്യക്ക് അടിതെറ്റി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ ഗ്ലെൻ ഫിലിപ്സിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സന്ദർശകർക്ക് 87 റൺസ് തോൽവി. ട്വന്‍റി20 ഫോർമാറ്റിൽ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ തോൽവിയും ന്യൂസിലൻഡിന് ഏറ്റവും വലിയ ജയവും. 2019ൽ വെല്ലിങ്ടണിൽ ഇന്ത്യക്കെതിരെ നേടിയ 80 റൺസിന്റെ വിജയമാർജിനാണ് ന്യൂസിലൻഡ് ഇതോടെ മറികടന്നത്. ട്വന്‍റി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി ഈ വർഷം ജൂലൈയിൽ നോട്ടിങ്ഹാമിൽ ഇംഗ്ലണ്ടിനോടായിരുന്നു. അന്ന് 125 റൺസിനായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ തരിപ്പണമാക്കിയത്.
ജേക്കബ് ഡഫിയുടെ തകർപ്പൻ ബൗളിങ്ങാണ് ഇന്ത്യയെ തകർത്തത്. പരമ്പരയിൽ ന്യൂസിലൻഡിന്‍റെ ആദ്യ ജയമാണിത് (3-1). ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച് ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ജേക്കബ് ഡഫിയുടെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ സഞ്ജു സാംസൺ (രണ്ടു പന്തിൽ നാല്) രണ്ടാം പന്തിൽ പുറത്തായി. അതേ ഓവറിലെ അഞ്ചാം പന്തിൽ ഇഷാൻ കിഷനും (0) പുറത്തായതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങി. 15 പന്തിൽ ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 27 റൺസുമായി അഭിഷേക് അഞ്ചാം ഓവറിൽ മടങ്ങി. ആറാം ഓവറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (11 പന്തിൽ 22) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. സ്കോർ നാലിന് 56.
നിതീഷ് കുമാർ റെഡ്ഡി (10 പന്തിൽ 21), തിലക് വർമ (35 പന്തിൽ 35), നമൻ ധീർ (13 പന്തിൽ 28), പ്രിൻസ് യാദവ് (17 പന്തിൽ 18*) എന്നിവരുടെ പ്രകടനമാണ് തോൽവിഭാരം കുറച്ചത്. അക്സർ പട്ടേൽ (ഒമ്പത് പന്തിൽ ഏഴ്), അർഷ്ദീപ് സിങ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മൂന്നു റൺസുമായി മായങ്ക് യാദവ് പുറത്താവാതെ നിന്നു. നാലു ഓവറിൽ 23 റൺസ് വഴങ്ങി ജേക്കബ് ഡഫി നാലു വിക്കറ്റ് വീഴ്ത്തി. മാത്യു ഫിഷറും ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. നേരത്തേ, സെഞ്ച്വറി നേടിയ ഗ്ലെൻ ഫിലിപ്സിന്റെയും അർധ സെഞ്ച്വറി നേടിയ മൈക്കൽ ബ്രെയ്സ്വെല്ലിന്റെയും തകർപ്പൻ ഇന്നിങ്സുകളാണ് കീവീസിനെ റെക്കോഡ് സ്‌കോറിലെത്തിച്ചത്. 49 പന്തുകൾ നേരിട്ട ഫിലിപ്സ് 10 സിക്സും ആറ് ഫോറുമടക്കം 107 റൺസെടുത്തു.
നിതീഷ് കുമാർ റെഡ്ഡിയെറിഞ്ഞ 16-ാം ഓവറിൽ തുടർച്ചയായ നാല് സിക്സറുകളടക്കം 32 റൺസാണ് ഫിലിപ്സ് അടിച്ചെടുത്തത്. ബ്രെയ്സ്വെൽ 25 പന്തിൽ ആറു സിക്സും നാലു ഫോറുമടക്കം 65 റൺസെടുത്തു. ഇന്ത്യക്കായി മായങ്ക് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ നിരയിൽ ഇഷാൻ കിഷൻ തിരിച്ചെത്തിയപ്പോൾ വൈഭവ് സൂര്യവംശിക്ക് സ്ഥാനം നഷ്ടമായി. ഭുവനേശ്വർ കുമാറിന് പകരം മായങ്ക് യാദവ് ടീമിലെത്തി.

