സൂര്യകുമാർ പുതിയ യൂനിവേഴ്സ് ബോസ്; ഡിവില്ലിയേഴ്സും ഗെയ്‍ലും നിഴൽ മാത്രമെന്നും മുൻ പാക് താരം
text_fieldsഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിനെ വാനോളം പുകഴ്ത്തി പാകിസ്താൻ മുൻ സ്പിന്നർ ഡാനിഷ് കനേരിയ. ശ്രീലങ്കക്കെതിരായ നിർണായകമായ മൂന്നാം ട്വന്‍റി20യിൽ താരത്തിന്‍റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.
51 പന്തിൽ 112 റൺസെടുത്ത് മത്സരത്തിൽ താരം പുറത്താകാതെ നിന്നു. ക്രിക്കറ്റിലെ പുതിയ യൂനിവേഴ്സ് ബോസ് സൂര്യകുമാർ യാദവാണെന്ന് കനേരിയ പറയുന്നു. ട്വന്‍റി20 ക്രിക്കറ്റിലേക്ക് വന്നാൽ എബി ഡിവില്ലിയേഴ്സിനെയും ക്രിസ് ഗെയ്‍ലിനെയും അദ്ദേഹം ഇതിനകം മറികടന്നു. 32കാരനായ സൂര്യകുമാറിനെ പോലെ ഒരു കളിക്കാരൻ ജീവിതത്തിൽ ഒരിക്കൽ മാത്രമെ ഉണ്ടാകു. ലങ്കക്കെതിരായ സൂര്യകുമാറിന്റെ ബാറ്റിങ് പ്രകടനം മറ്റൊരാൾക്ക് ആവർത്തിക്കാന്‍ സാധിക്കില്ലെന്നും കനേരിയ പറഞ്ഞു.
‘സൂര്യകുമാർ യാദവ് ആണ് പുതിയ യൂനിവേഴ്സ് ബോസ്. 51 പന്തിൽ 112 റൺസ് നേടിയ അദ്ദേഹത്തിന്‍റെ ഇന്നിങ്സ് ആർക്കും ആവർത്തിക്കാനാവില്ല. നിങ്ങൾക്ക് എബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ൽ എന്നിവരെക്കുറിച്ച് സംസാരിക്കാം, എന്നാൽ ഈ രണ്ടുപേരും സൂര്യയുടെ മുന്നിൽ ഒന്നുമല്ലെന്ന് തോന്നും. അദ്ദേഹം ഇതിനകം അവരെ മറികടക്കുകയും ട്വന്‍റി20 ക്രിക്കറ്റിനെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുകയും ചെയ്തു’ -കനേരിയ പറയുന്നു.
ബാറ്റിങ്ങിനായി ക്രീസിലെത്തുമ്പോഴുള്ള സൂര്യകുമാറിന്റെ മനോഭാവം ആരെയും ആകർഷിക്കും. പരിശീലനത്തിൽ കഠിനാധ്വാനം ചെയ്ത് അതു ഗ്രൗണ്ടിലും ആവർത്തിക്കുന്നു. സൂര്യയുടെ കളി കാണാൻ തന്നെ പ്രത്യേക അഴകാണെന്നും കനേരിയ യൂട്യൂബ് ചാനൽ വിഡിയോയിൽ അഭിപ്രായപ്പെട്ടു.