ചരിത്രം; വെസ്റ്റിൻഡീസിനെതിരെ പരമ്പര നേടി നേപ്പാൾ, രണ്ടാം ജയം 90 റൺസിന്!
text_fieldsഷാർജ: ഐ.സി.സിയിലെ ഫുൾ മെമ്പറും ടെസ്റ്റ് കളിക്കുന്നതുമായ ഒരു ടീമിനെതിരെ നേപ്പാളിന് ആദ്യ പരമ്പര ജയം. ഷാർജയിൽ നടക്കുന്ന മൂന്ന് മത്സര ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 90 റൺസിന്‍റെ വമ്പൻ ജയമാണ് ഏഷ്യയിലെ കുഞ്ഞന്മാരെന്ന വിശേഷണമുള്ള നേപ്പാൾ സ്വന്തമാക്കിയത്. നേപ്പാൾ ഉയർത്തിയ 174 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 83ന് പുറത്തായി. ആദ്യ മത്സരത്തിൽ 19 റൺസിനായിരുന്നു നേപ്പാൾ ജയിച്ചത്. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച നടക്കും.
മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണർ ആസിഫ് ഷെയ്ഖ് (47 പന്തിൽ 68*), മധ്യനിരയിൽ സുന്ദീപ് ജോറ (39 പന്തിൽ 63) എന്നിവർ മാത്രമാണ് നേപ്പാൾ നിരയിൽ തിളങ്ങിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 100 റൺസിന്‍റെ കൂട്ടുകെട്ട് ഒരുക്കിയത് നേപ്പാൾ ഇന്നിങ്സിൽ നിർണായകമായി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് നേപ്പാൾ നേടിയത്. വിൻഡീസ് ബൗളിങ് നിരയിൽ ക്യാപ്റ്റൻ അകീൽ ഹൊസൈൻ മാത്രമാണ് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തത്. നാലോവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം നേടിയത്.
മറുപടി ബാറ്റിങ്ങിൽ സ്കോർ ബോർഡിൽ അഞ്ച് റൺസ് ചേർക്കുന്നതിനിടെ രണ്ട് വിൻഡീസ് വിക്കറ്റുകൾ വീണു. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 17.1 ഓവറിൽ 83 റൺസ് നേടി വെസ്റ്റിൻഡീസ് ഓൾഔട്ടായി. 21 റൺസ് നേടിയ ജേസൺ ഹോൾഡറാണ് കരീബിയൻ ടീമിന്‍റെ ടോപ് സ്കോറർ. നാല് വിക്കറ്റ് നേടിയ ആദിൽ അൻസാരിയും മൂന്ന് വിക്കറ്റ് പിഴുത കുശാൽ ഭുർതേലുമാണ് നേപ്പാളിനായി ബൗളിങ്ങിൽ തിളങ്ങിയത്.
ലോകകപ്പ് യോഗ്യതാ മത്സരം വരാനിരിക്കെ ആത്മവിശ്വാസം പകരുന്നതാണ് നേപ്പാളിന്‍റെ പരമ്പര വിജയം. ഒരു അസോസിയേറ്റ് അംഗം ഫുൾടൈം മെമ്പർക്കെതിരെ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

