ഇന്ത്യക്കാരനോ പാകിസ്താൻകാരനോ അല്ല; കരിയറിൽ തന്നെ കുഴക്കിയ ബൗളറെ വെളിപ്പെടുത്തി വാർണർ
text_fieldsമെൽബൺ: ലോകം കണ്ട മികച്ച ബാറ്റർമാരിൽ ഒരാളാണ് ആസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ. ഏത് ബൗളർമാരെയും നിർഭയം നേരിടുന്നയാളായാണ് വാർണർ വിലയിരുത്തപ്പെടുന്നത്. പാകിസ്താനെതിരെ തന്റെ അവസാന ടെസ്റ്റ് കളിക്കാനിറങ്ങിയ താരം കരിയറിൽ തന്നെ ഏറ്റവും കൂടുതൽ കുഴക്കിയ ബൗളറുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.
മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയിനെ നേരിടാനാണ് താൻ ഏറെ പ്രയാസപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. 2016-17 സീസണിലെ പരമ്പരയിൽ തന്നെയും ഷോൺ മാർഷിനെയുമെല്ലാം സ്റ്റെയിൻ ബുദ്ധിമുട്ടിച്ച കാര്യവും അദ്ദേഹം ഒരു ക്രിക്കറ്റ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ സ്മരിച്ചു.
ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ് ഡെയ്ൽ സ്റ്റെയ്ൻ. 93 ടെസ്റ്റിൽ 439 വിക്കറ്റ് നേടിയ താരം 26 തവണ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അഞ്ചുതവണയാണ് ഒരു ടെസ്റ്റിൽ 10 വിക്കറ്റ് വീതം നേടിയത്. 125 ഏകദിനങ്ങളിൽ 196 വിക്കറ്റും 47 ട്വന്റി 20യിൽ 64 വിക്കറ്റും സ്റ്റെയിൻ സ്വന്തമാക്കിയിട്ടുണ്ട്.

