ഗില്ലും കോഹ്‍ലിയുമില്ല; ഐ.പി.എല്ലിലെ മികച്ച അഞ്ച് ബാറ്റർമാരെ തെരഞ്ഞെടുത്ത് സെവാഗ്
text_fieldsഅഹമ്മദാബാദ്: ഐ.പി.എൽ സീസണിൽ അപ്രതീക്ഷിത പ്രകടനങ്ങളിലൂടെ അതിശയിപ്പിച്ച നിരവധി ബാറ്റർമാരുണ്ട്. അവരിൽ പലരും ദേശീയ ടീമിനായി ഒരു മത്സരം പോലും കളിക്കാത്തവരാണ്. ഞായറാഴ്ച ചെന്നൈ സൂപ്പർകിങ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടാനിരിക്കെ ഈ സീസണിലെ മികച്ച ബാറ്റർമാരെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുൻ വെടിക്കെട്ട് ഓപണർ വിരേന്ദർ സെവാഗ്. എന്നാൽ, അദ്ദേഹത്തിന്റെ പട്ടികയിൽ സീസണിൽ തകർപ്പൻ ഫോമിലുള്ള ഗുജറാത്ത് ടൈറ്റൻസ് ഓപണർ ശുഭ്മാൻ ഗില്ലും മികച്ച പ്രകടനം നടത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൂപ്പർ താരം വിരാട് കോഹ്‍ലിയും ഇല്ലെന്നതാണ് കൗതുകം. എന്നാൽ, മുംബൈ ഇന്ത്യൻസിനെതിരായ ഗുജറാത്ത് ടൈറ്റൻസിന്റെ രണ്ടാം ക്വാളിഫയറിന് മുമ്പായിരുന്നു സെവാഗിന്റെ തെരഞ്ഞെടുപ്പ്. അതേസമയം, സെവാഗിന്റെ തെരഞ്ഞെടുപ്പിന് അദ്ദേഹത്തിന്റേതായ വിശദീകരണവുമുണ്ട്. താൻ കൂടുതൽ ഓപണർമാർക്ക് പട്ടികയിൽ ഇടം നൽകിയിട്ടില്ലെന്നും കാരണം അവർക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മുൻ താരം വിശദീകരിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റിങ്കുസിങ്, ചെന്നൈ സൂപ്പർകിങ്‌സിന്റെ ശിവം ദുബെ, മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവ്, സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസൻ, രാജസ്ഥാൻ റോൽസിന്റെ യശ്വസി ജയ്‌സ്വാൾ എന്നിവരാണ് സെവാഗിന്റെ പട്ടികയിലുള്ള മികച്ച ബാറ്റർമാർ. ഇതിൽ നാലുപേരും ഇന്ത്യക്കാരാണെങ്കിലും യശ്വസി ജയ്‌സ്വാൾ, റിങ്കു സിങ് എന്നിവർ രാജ്യത്തിനായി കളിക്കാത്തവരാണ്.
‘റിങ്കു സിങ് ആണ് എന്റെ മനസ്സിൽ വരുന്ന ആദ്യത്തെ ബാറ്റർ. അതിന് കാരണമെന്തെന്ന് ചോദിക്കുമെന്ന് ഞാൻ കരുതുന്നില്ല. തുടർച്ചയായി അഞ്ച് സിക്‌സറുകൾ പറത്തി ഒരു മത്സരത്തിൽ ഒരു ബാറ്റർ ടീമിനെ വിജയിപ്പിച്ചത് ഇതുവരെ സംഭവിച്ചിട്ടില്ല. അദ്ദേഹം മാത്രമാണ് അത് ചെയ്തത്. രണ്ടാമത്തെ ബാറ്റര്‍ മധ്യനിര താരം ശിവം ദുബെയാണ്. 33 സിക്‌സറുകൾ അടിച്ച അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 160ന് മുകളിലാണ്. കഴിഞ്ഞ കുറച്ച് സീസണുകൾ കാര്യമായൊന്നും ചെയ്യാനാവാത്ത ദുബെ ഈ വർഷം സിക്‌സറുകൾ അടിക്കണം എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് വന്നത്.
മൂന്നാമനായ യശസ്വി ജയ്‌സ്വാൾ മികച്ച ഓപണറാണ്. അവന്റെ മിന്നുന്ന ബാറ്റിങ്ങാണ് തെരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. പിന്നെയാണ് സൂര്യകുമാര്‍ യാദവ്. ഐ.പി.എല്ലിന് മുമ്പുള്ള എതാനും അന്താരഷ്ട്ര മത്സരങ്ങളിലും ഐ.പി.എൽ തുടക്കത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും പിന്നീട് അദ്ദേഹം മികച്ച പ്രകടനം നടത്താൻ തുടങ്ങി. മറ്റൊരാൾ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസനാണ്. മധ്യനിരയിൽ കൂടുതൽ റൺസ് അടിച്ചുകൂട്ടിയ താരം സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാൻ കഴിവുള്ള അപൂർവം വിദേശ കളിക്കാരിൽ ഒരാളാണ്’- സെവാഗ് പറഞ്ഞു.