കോഹ്ലിയും രോഹിത്തുമല്ല! ജാവലിൻ ത്രോക്ക് ഫിറ്റായ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ തെരഞ്ഞെടുത്ത് നീരജ് ചോപ്ര
text_fieldsമുംബൈ: ജാവലിൻ ത്രോ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിന്‍റെ തിളക്കത്തിലാണ് ഇന്ത്യയുടെ നീരജ് ചോപ്ര. ചെക് റിപ്പബ്ലിക്കിൽ നടന്ന ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ മീറ്റിൽ നീരജായിരുന്നു ചാമ്പ്യൻ.
മത്സരത്തിൽ 85.29 മീറ്റർ എറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. കഴിഞ്ഞമാസം ദോഹയിൽ ഡയമണ്ട് ലീഗ് മത്സരത്തിനിടെ 90.23 മീറ്റർ എറിഞ്ഞ് കരിയറിലെ ഏറ്റവും മികച്ച ദൂരവും ദേശീയ റെക്കോഡും താരം കണ്ടെത്തിയിരുന്നു. ജൂലൈ അഞ്ചിന് ബംഗളൂരുവിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക്കാണ് അടുത്തമത്സരം. ഇതിനിടെയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ നവജോത് സിങ് സിദ്ദു കഴിഞ്ഞദിവസം നീരജുമായി ഒരു അഭിമുഖം നടത്തിയത്.
അഭിമുഖത്തിനിടെ സിദ്ദു ഏറെ രസകരമായ നിരവധി ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ജാവലിൻ ത്രോ എറിയാൻ ഏറ്റവും അനുയോജ്യനായ ഇന്ത്യൻ ക്രിക്കറ്റ് താരം ആരെന്നായിരുന്നു അതിലൊന്ന്. സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ പേരുകളല്ല നീരജ് തെരഞ്ഞെടുത്തത്. ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയാണ് ജാവലിൻ ത്രോക്ക് ഏറ്റവും ഫിറ്റായ താരമെന്ന് 2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യയുടെ അഭിമാനതാരം പറയുന്നു.
‘ഒരു ഫാസ്റ്റ് ബൗളർക്കായിരിക്കും വിജയകരമായി ജാവലിൻ എറിയാനാകുക. ജസ്പ്രീത് ബുംറ ജാവലിൻ എറിയുന്നത് കാണാൻ വലിയ ആഗ്രഹമുണ്ട്’ -നീരജ് പറഞ്ഞു. അതേസമയം, ഗോൾഡൻ സ്‌പൈക്ക് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടും തന്റെ പ്രകടനത്തിൽ തൃപ്‌തനല്ലെന്നാണ് നീരജ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. മീറ്റിൽ 85.29 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്.
കഴിഞ്ഞ മാസം ദോഹയിൽ കുറിച്ച 90.23 മീറ്ററാണ് നീരജിന്റെ മികച്ച ദൂരം. നീരജിന്റെ ആദ്യ ത്രോ ഫൗളായിരുന്നു. രണ്ടാമത്തേത് 83.45 മീറ്റർ. മൂന്നാമത്തേതാണ് വിജയദൂരം താണ്ടിയത്. തുടർന്ന് 82.17 മീറ്ററും 81.01 മീറ്ററും എറിഞ്ഞു. അവസാനത്തേത് ഫൗളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

