ഗംഭീറിനെ മാറ്റാനും രോഹിത്തിന് ക്യാപ്റ്റൻസി തിരികെ നൽകാനും സിദ്ധു ബി.സി.സി.ഐയോട് ആവശ്യപ്പെട്ടെന്ന്; മറുപടിയുമായി മുൻതാരം
text_fieldsനവജോത് സിദ്ധു ഗംഭീറിനൊപ്പം
രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി പകരം യുവതാരം ശുഭ്മൻ ഗില്ലിനെ തലപ്പത്തേക്ക് കൊണ്ടുവന്നാണ് ബി.സി.സി.ഐ ഓസീസ് പര്യടനത്തിനുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചത്. ഇതോടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും ചീഫ് സെലക്ടർ അജിത് അഗാർക്കറിനും വ്യാപക വിമർശനമാണ് നേരിടേണ്ടിവന്നത്. ഇതിനിടെ ചില ക്രിക്കറ്റ് ആരാധകർ, ഗംഭീറിനെയും അഗാർക്കറെയും പുറത്താക്കാൻ മുൻ താരം നവ്ജോത് സിങ് സിദ്ധു ബി.സി.സി.ഐയോട് ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി രംഗത്തെത്തി.
രോഹിത്തിന് ക്യാപ്റ്റൻസി തിരികെ നൽകണമെന്ന് സിദ്ധു ആവശ്യപ്പെട്ടെന്നും എക്സിലെ പോസ്റ്റിൽ അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയ സിദ്ധു ‘ആരാധകനെ’ കണക്കിന് ശകാരിക്കുകയും ചെയ്തു. ‘ഞാനൊരിക്കലും അത്തരത്തിൽ പറഞ്ഞിട്ടില്ല. ചിന്തിച്ചിട്ടു കൂടിയില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു’- എന്നിങ്ങനെയാണ് സിദ്ധുവിന്‍റെ മറുപടി.
38കാരനായ രോഹിത് ശർമ, ഏകദിനത്തിൽ ഇന്ത്യയുടെ എക്കാലത്തെും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ്. രോഹിത്തിന് കീഴിൽ ഇറങ്ങിയ 75 ശതമാനം മത്സരങ്ങളിലും ഇന്ത്യക്ക് ജയിക്കാനായിട്ടുണ്ട്. 2023 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിൽ എത്തിച്ച രോഹിത്തിനു കീഴിൽ ഇക്കൊല്ലമാദ്യം നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ കിരീട ജേതാക്കളാകാനും ടീമിനായി.
അതേസമയം ഇടവേളക്കു ശേഷം രോഹിത്തും കോഹ്ലിയും തിരിച്ചെത്തിയ ഓസീസ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 0-1ന് പിന്നിലായി. മുൻനിര ബാറ്റർമാർ പാടെ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രോഹിത് (എട്ട്), കോഹ്ലി (പൂജ്യം), ശുഭ്മൻ ഗിൽ (10), ശ്രേയസ് അയ്യർ (11) എന്നിങ്ങനെയാണ് ടോപ് ഓഡറിന്‍റെ സംഭാവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

