‘പേര് ഓർത്തുവെച്ചോളൂ, ഒരുനാൾ ഇവൾ ഇന്ത്യയുടെ താരമാകും’; ജെമീമയെ കുറിച്ച് ഏഴ് വർഷം മുമ്പ് നാസർ ഹുസൈൻ പറഞ്ഞത്
text_fieldsവനിതാ ഏകദിന ലോകകപ്പ് സെമിയിൽ വമ്പന്മാരായ ആസ്ട്രേലിയയെ തകർത്ത് ഫൈനൽ ബർത്ത് ഉറപ്പിച്ചിരിക്കുയാണ് ഇന്ത്യയുടെ പെൺപട. മത്സരത്തിൽ അപരാജിത സെഞ്ച്വറിയുമായി തിളങ്ങിയ ജെമീമ റോഡ്രിഗസിന് അഭിനന്ദന പ്രവാഹമാണ്. അവിസ്മരണീയ പ്രകടനം പുറത്തെടുത്ത താരത്തിന്‍റെ സെഞ്ച്വറി ക്രിക്കറ്റ് ആരാധകർക്ക് വാനോളം ആവേശം പകർന്നെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ഈ ഒരൊറ്റ ഇന്നിങ്സിലൂടെ താരമായി മാറിയ ജെമീമയെ കുറിച്ച് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ ഏഴ് വർഷം മുമ്പ് എക്സിൽ (മുമ്പ് ട്വിറ്റർ) കുറിച്ച വരികളും ഇപ്പോൾ വൈറലാകുകയാണ്.
“പേര് ഓർത്തുവെച്ചോളൂ... ജെമീമ റോഡ്രിഗസ്.. ഇന്ന് അൽപനേരം അവൾക്കൊപ്പം ചെലവഴിച്ചു.. ഇന്ത്യക്കുവേണ്ടി ഒരു താരമാകും അവൾ” -2018 ഏപ്രിൽ 18ന് നാസർ ഹുസൈൻ ട്വീറ്റ് ചെയ്തു. ഒപ്പം ജെമീമക്കരികെ നിൽക്കുന്ന ഒരു ചിത്രവും. ഇതിന്‍റെ സ്ക്രീൻഷോട്ട് ഉൾപ്പെടുത്തി ഐ.സി.സി എക്സ് ഹാൻഡിലിൽ പുതിയ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. “നാസർ ഹുസൈന് അന്നേ അറിയാമായിരുന്നു. ഏഴ് വർഷത്തിനിപ്പുറം ലോകത്തിന് ഓർത്തുവെക്കാനാകുന്ന ഒരു ഇന്നിങ്സ് ജെമീമ റോഡ്രിഗസ് കാഴ്ചവെച്ചിരിക്കുന്നു” -ഐ.സി.സി എക്സിൽ കുറിച്ചു.
വ്യാഴാഴ്ച നടന്ന സെമിയിൽ ആസ്ട്രേലിയ ഉയർത്തിയ 339 റൺസിന്‍റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. 134 പന്തിൽ 127 റൺസുമായി ജെമീമ പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം 167 റൺസിന്‍റെ കൂട്ടുകെട്ടാണ് ജെമീമ ഒരുക്കിയത്. മത്സരത്തിന്‍റെ സമ്മർദം ഓസീസിനു മേലാകുന്ന കൂട്ടുകെട്ടായിരുന്നു അത്. ഇതിന്‍റെ പ്രതിഫലനം അവരുടെ ഫീൽഡിങ്ങിലും വ്യക്തമായിരുന്നു. 33-ാം ഓവറിൽ വ്യക്തിഗത സ്കോർ 82ൽനിൽക്കേ ജെമീമയുടെ ക്യാച്ച് ആസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ ഹെയ്‍ലി നിലത്തിട്ടതും സന്ദർശകർക്ക് തിരിച്ചടിയായി. സെഞ്ച്വറി പിന്നിട്ടതിനു പിന്നാലെ തഹ്ലിയ മഗ്രാത്തും ജെമീമയെ കൈവിട്ടു.
2018ലാണ് ജെമീമ ദേശീയ ടീമിൽ അരങ്ങേറിയത്. ആദ്യം ടി20യിലും പിന്നാലെ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു. ഏഴ് വർഷത്തിലധികം നീണ്ട കരിയറിൽ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യം ഉറപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. നവി മുംബൈയിൽ വ്യാഴാഴ്ച രാത്രി അതിന് വിരാമമായി. മുംബൈയിലെ ബാന്ദ്രയിൽ ജനിച്ച ഈ പെൺകുട്ടിയുടെ പേര് ഇനി അത്രവേഗം ഇന്ത്യൻ ടീമിനും ആരാധകർക്കും മറക്കാനാകില്ല. ദക്ഷിണാഫ്രിക്കക്കെതിയെ ഞായറാഴ്ച അന്തിമപോരിന് ഇന്ത്യ ഇറങ്ങുമ്പോൾ ജെമീമ കൊളുത്തിയ ആവേശത്തിന്റെ അലയൊലിയുണ്ടാകുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

