ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം
text_fieldsഅഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. വിഡിയോക്ക് താഴെ വിമർശനവുമായി നിരവധി കമന്റുകളും വരുന്നുണ്ട്. പുറംമോടി മാത്രമേ ഉള്ളൂവെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. ചോർച്ചയുള്ള ഭാഗത്ത് കാണികൾക്ക് ഇരിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയിലാണ് വെള്ളം ഒലിച്ചിറങ്ങുന്നത്.
കനത്ത മഴ കാരണം ടോസിടാൻ പോലും പറ്റാത്ത സാഹചര്യം വന്നതോടെ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള ഫൈനൽ മത്സരം തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇടക്ക് മഴ മാറിയപ്പോൾ പിച്ചിലെ കവര്‍ മാറ്റിയിരുന്നെങ്കിലും വീണ്ടും മഴയെത്തി. കഴിഞ്ഞ തവണ ഐ.പി.എല്‍ ഫൈനല്‍ മത്സരം നടന്നതും ഇതേ വേദിയിലാണ്.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ഒരേസമയം 1.32 ലക്ഷം പേർക്ക് ഇവിടെ കളി കാണാം. 90,000 പേര്‍ക്ക് ഇരിപ്പിടമുള്ള വിഖ്യാത മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെ മറികടന്നാണ് അഹമ്മദാബാദ് സ്റ്റേഡിയം ഒന്നാമതായിരുന്നത്. 2021 ഫെബ്രുവരിയിലാണ് മൊട്ടേരയിൽ പുതുക്കിപ്പണിത സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പുനർനാമകരണം ചെയ്തത്. നാല് ഡ്രസ്സിങ് റൂം അടക്കമുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഈ വർഷം ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയരാകുമ്പോൾ നരേന്ദ്ര മോദി സ്റ്റേഡിയമാകും ടൂർണമെന്റിലെ പ്രധാന വേദികളിലൊന്ന്.