ചരിത്രം കുറിച്ച് നമീബിയ; ട്വന്‍റി20യിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു, ജയം അവസാന പന്തിൽ
text_fieldsവിന്‍ഡ്‌ഹോക്ക്: ക്രിക്കറ്റിലെ കുഞ്ഞന്മാരായ നേപ്പാൾ വെസ്റ്റിൻഡീസിനെ കീഴടക്കിയതിന്‍റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പേ, ട്വന്‍റി20 ക്രിക്കറ്റിൽ മറ്റൊരു ചരിത്രം കൂടി പിറന്നിരിക്കുന്നു!
ഇത്തവണ നമീബിയയാണ് പുതുചരിത്രമെഴുതിയത്, അട്ടിമറിച്ചത് കരുത്തരായ ദക്ഷിണാഫ്രിക്കയെ. ട്വന്‍റി20 ക്രിക്കറ്റില്‍ ഒരു അസോസിയേറ്റ് രാജ്യത്തോട് ഇതാദ്യമായാണ് പ്രോട്ടീസ് പരാജയപ്പെടുന്നത്. നാലുവിക്കറ്റിനാണ് നമീബിയയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് നബീമിയ എത്തിപിടിച്ചത്. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ്. നമീബിയ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 138 റൺസ്.
ട്വന്‍റി20യിൽ നമീബിയ പരാജയപ്പെടുത്തുന്ന നാലാമത്തെ ടെസ്റ്റ് കളിക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. അയര്‍ലന്‍ഡ്, സിംബാബ്വെ, ശ്രീലങ്ക എന്നീ ടീമുകളെ നേരത്തെ കീഴടക്കിയിരുന്നു. ക്രിക്കറ്റിൽ ഇരു ടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. നമീബിയൻ തലസ്ഥാനമായ വിൻഡ്ഹോക്കിലെ വാണ്ടറേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നതും ആദ്യമായാണ്. സൂപ്പർ താരങ്ങളായ ക്വിന്‍റൺ ഡി കോക്ക്, ജെറാൾഡ് കോട്സീ, നന്ദ്രെ ബർഗർ, ലുവാൻ ഡ്രി പ്രിട്ടോറിയസ് ഉൾപ്പെടെയുള്ള താരങ്ങൾ അണിനിരന്ന ദക്ഷിണാഫ്രിക്കൻ ടീമിനെയാണ് സ്വന്തം കാണികൾക്കു മുമ്പിൽ നമീബിയ നാണംകെടുത്തിയത്.
കഴിഞ്ഞ വർഷത്തെ ട്വന്‍റി20 ലോകകപ്പിലെ ഫൈനലിസ്റ്റുകൾ കൂടിയാണ് പ്രോട്ടീസ്. 2027 ഏകദിന ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങളിലൊന്നാണ് നമീബിയ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ദുര്‍ബലരായ നമീബിയൻ ബൗളർമാർക്കു മുന്നിൽ സ്‌കോര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടി. 30 പന്തിൽ 31 റൺസെടുത്ത ജാസൻ സ്മിത്താണ് ടോപ് സ്കോറർ. പ്രിട്ടോറിയസ് (22 പന്തിൽ 22), റൂബിൻ ഹെർമാൻ (18 പന്തിൽ 23) എന്നിവരുടെ ഇന്നിങ്സുകൾ കൂടി ചേർന്നതോടെയാണ് ടീം സ്കോർ നൂറ് കടന്നത്. ഡി കോക്കും (നാലു പന്തിൽ ഒന്ന്) റീസ ഹെന്‍ഡ്രിക്സും (ഒമ്പത് പന്തിൽ ഏഴ്) നിരാശപ്പെടുത്തി.
നമീബിയക്കായി റൂബന്‍ ട്രംപല്‍മാന്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. ടീം സ്‌കോര്‍ 22 ല്‍ നിൽക്കെ ഓപ്പണര്‍ ജാന്‍ ഫ്രൈലിന്‍ക് (അഞ്ചു പന്തിൽ ഏഴ്) പുറത്തായി. പിന്നാലെ ഏഴോവറില്‍ 51-3 എന്ന നിലയിലേക്ക് ടീം തകർന്നു. ജെറാർഡ് ഇറാസ്മസ് (21 പന്തിൽ 21), ജെ.ജെ. സ്മിത്ത് (14 പന്തിൽ 13), മലാൻ ക്രൂഗർ (21 പന്തിൽ 18), സാനെ ഗ്രീൻ (23 പന്തിൽ 30*) എന്നിവരുടെ ഇന്നിങ്സുകളാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്.
അവസാനഓവറില്‍ 11 റണ്‍സാണ് ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആന്‍ഡിലെ സിമിലേന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഗ്രീന്‍ ഗാലറിയിലെത്തിച്ചു. പിന്നീട് എറിഞ്ഞ നാലുപന്തുകളില്‍ നാലു സിംഗിളുകൾ ഓടിയതോടെ അവസാനപന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ്. അവസാനപന്ത് ഗ്രീൻ ബൗണ്ടറി കടത്തിയതോടെ ചരിത്രവിജയം പിറന്നു. പ്രോട്ടീസിനായി നാന്ദ്രെ ബർഗറും ആന്‍ഡിലെ സിമിലേനും രണ്ടു വിക്കറ്റ് വീതം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

