നാഗേഷ് ട്രോഫി: ഒഡിഷയും യു.പിയും സൂപ്പർ എട്ടിൽ
text_fieldsകൊച്ചി: കാഴ്ചപരിമിതരുടെ നാഗേഷ് ട്രോഫി ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഗ്രൂപ്-സിയില്‍ എല്ലാ മത്സരങ്ങളും ജയിച്ച ഒഡിഷ സൂപ്പർ എട്ടിൽ കടന്നു. അവസാന മത്സരത്തിൽ വെള്ളിയാഴ്ച ഒഡിഷയോട് ഒമ്പത് വിക്കറ്റിന് തോറ്റെങ്കിലും നേരത്തേ നേടിയ മൂന്ന് ജയങ്ങളുടെ പിൻബലത്തിൽ ഉത്തര്‍പ്രദേശും അവസാന എട്ടിൽ ഇടംപിടിച്ചു.
തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഒഡിഷയുടെ കണക്കുകൂട്ടൽ പിഴച്ചില്ല. കണിശ ബൗളിങ്ങും വരിഞ്ഞുമുറുക്കിയ ഫീൽഡിങ്ങും കൊണ്ട് ഉത്തർപ്രദേശിനെ 18.1 ഓവറിൽ വെറും 64 റൺസിന് പുറത്താക്കിയ ഒഡിഷ 4.5 ഓവറിൽ ഒരു വിക്കറ്റിന് 67 റൺസ് അടിച്ചുകൂട്ടി വിജയം കണ്ടു. നാല് ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് യു.പിയുടെ മൂന്ന് വിക്കറ്റെടുത്ത ദേബരാജ് ബെഹ്‌റയാണ് മാൻ ഓഫ് ദ മാച്ച്. ലാൽ പ്രസാദ് സോറൻ, ലിംഗരാജ് രൗത്ര എന്നിവർ ഒഡിഷക്ക് വേണ്ടി ഓരോ വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറ് ഫോറോടെ 16 പന്തിൽ 35 റൺസെടുത്ത ലാൽ പ്രസാദ് സോറൻ ഒഡിഷ വിജയം അതിലളിതമാക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബിഹാർ ഝാർഖണ്ഡിനെ 46 റൺസിന് തോൽപിച്ചു. 20 ഓവറിൽ എട്ട് വിക്കറ്റിന് 150 റൺസാണ് ബിഹാർ നേടിയത്. ഝാർഖണ്ഡ് 19.2 ഓവറിൽ എല്ലാവരും പുറത്തായി. നാല് ഓവറിൽ 18 റൺസിന് ബിഹാറിനുവേണ്ടി രണ്ട് വിക്കറ്റെടുത്ത അംഗദ് കളിയിലെ താരമായി. ബിഹാറിന് വേണ്ടി മുഹമ്മദ് ഇഷ്റഫിൽ 31 പന്തിൽ 28 റൺസും സുധാംശുകുമാർ 10 പന്തിൽ 20 റൺസും നേടി. 26 പന്തിൽ 23 റൺസെടുത്ത ചന്ദൻ കുമാറാണ് ഝാർഖണ്ഡിന്‍റെ ടോപ് സ്കോറർ. അടുത്തമാസം നാഗ്‌പൂരിലാണ് നാഗേഷ് ട്രോഫി സൂപ്പർ എട്ട് പോരാട്ടങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

