‘കൈയിൽ പന്ത് കിട്ടുമ്പോഴെല്ലാം അവളുടെ മുഖം മനസ്സിലേക്ക് കടന്നുവരും’; പത്ത് വിക്കറ്റ് പ്രകടനം അർബുദബാധിതയായ സഹോദരിക്ക് സമർപ്പിച്ച് ആകാശ് ദീപ്
text_fieldsബിർമിങ്ഹാം: ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറക്കു പകരക്കാരനായി കളിക്കാനിറങ്ങിയ ആകാശ് ദീപിന്‍റെ തകർപ്പൻ ബൗളിങ്ങാണ് എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 336 റൺസിന്റെ റെക്കോഡ് ജയമാണ് ശുഭ്മൻ ഗില്ലും സംഘവും സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ പേസർ ആകാശ് ദീപ്, ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റും കൈക്കലാക്കിയിരുന്നു.
എഡ്ജ്ബാസ്റ്റൺ മൈതാനത്ത് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണിത്. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ സന്ദർശകർ 1-1ന് ഒപ്പമെത്തി. മത്സരശേഷമാണ് 28കാരനായ ബംഗാൾ പേസർ തന്‍റെ സഹോദരി അർബുദത്തിന് ചികിത്സ തേടുകയാണെന്ന വിവരം വെളിപ്പെടുത്തിയത്. തന്‍റെ മനസ്സിൽ പന്തു കിട്ടുമ്പോഴെല്ലാം അവളുടെ ചിന്തകൾ മനസ്സിലേക്ക് കടന്നുവരുമെന്ന് ആകാശ് പറഞ്ഞു. ‘ഞാൻ ആരോടും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല, രണ്ട് മാസം മുമ്പാണ് സഹോദരിക്ക് അർബുദമാണെന്ന് കണ്ടെത്തുന്നത്. എന്റെ പ്രകടനത്തിൽ അവൾ വളരെ സന്തോഷവതിയായിരിക്കും, അവളുടെ മുഖത്ത് പുഞ്ചിരി വിടർത്തും’ -ആകാശ് പറഞ്ഞു.
‘പന്ത് കൈയിലെടുക്കുമ്പോഴെല്ലാം അവളുടെ മുഖവും ചിന്തയുമാണ് മനസ്സിലേക്ക് കടന്നുവരുന്നത്. ഈ പ്രകടനം അവൾക്കു സമർപ്പിക്കുന്നു. പ്രിയ സഹോദരി, ഞങ്ങൾ എല്ലാവരും നിന്‍റെ കൂടെയുണ്ട്’ -ആകാശ് ഇത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.
ഒന്നാം ഇന്നിങ്സിൽ ഇരട്ട ശതകവും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടിയ ക്യാപ്റ്റൻ ഗില്ലാണ് (269, 161) കളിയിലെ മികച്ച താരം. മഴ മൂലം കളി തുടങ്ങാൻ രണ്ട് മണിക്കൂറോളം വൈകിയത് ഇന്ത്യയുടെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തിയിരുന്നു. എന്നാൽ, കാർമേഘങ്ങൾ നീങ്ങിയപ്പോൾ സന്ദർശകരുടെ വഴിയും തെളിഞ്ഞുവന്നു. ജോലി ഭാരം കുറക്കുന്നതിന്‍റെ ഭാഗമായി ബുംറക്ക് രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകിയതോടെയാണ് ആകാശിന് കളിക്കാനുള്ള അവസരം ലഭിച്ചത്.
ബുംറക്ക് വിശ്രമം നൽകാനുള്ള ടീം മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. എന്നാൽ, പരിശീലകൻ ഗൗതം ഗംഭീറിന്‍റെ തീരുമാനം തെറ്റിയില്ല. 2019ലാണ് ആകാശ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ബംഗാൾ പേസറായി നടത്തിയ മികച്ച പ്രകടനം ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ടീമിലെത്തിച്ചു. 2022ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനായും ആകാശ് കളിച്ചു.
മുഹമ്മദ് ഷമിക്കും മുകേഷ് കുമാറിനും പിൻഗാമിയായാണ് ആകാശ് ഇന്ത്യൻ ടീമിലെത്തിയത്. ഗിൽ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം ഇന്ത്യയുടെ ആദ്യ ജയമാണിത്. മൂന്നാം ടെസ്റ്റ് ജൂലൈ 10ന് ലോർഡ്സിൽ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

