എന്റെ മികച്ച ഇന്നിങ്സ് -ശുഭ്മൻ ഗിൽ
text_fieldsഅഹ്മദാബാദ്: അന്താരാഷ്ട്ര കരിയറിലെ മികച്ച ഇന്നിങ്സായിരുന്നു ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നിർണായക മത്സരത്തിലേതെന്ന് ഇന്ത്യൻ ഓപണർ ശുഭ്മൻ ഗിൽ. സാങ്കേതികമായും തന്ത്രപരമായും മികച്ച ബാറ്റിങ് പുറത്തെടുക്കാനായതിലും അതുവഴി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കാനായതിലും അതിയായ സന്തോഷമുണ്ടെന്ന് ഗിൽ പറഞ്ഞു. മത്സരശേഷം ബി.സി.സി.ഐ ടി.വിക്കുവേണ്ടിയുള്ള സംഭാഷണത്തിലാണ് ഗിൽ മനസ്സുതുറന്നത്.
‘എന്റെതായ രീതിയിൽ കളിക്കുന്നതിന് മാനസികമായി വ്യക്തമായ ആസൂത്രണം ആവശ്യമായിരുന്നു. അതാണ് താങ്കൾ (ഹർദിക്) ഇന്നിങ്സിനിടെ എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നത്. ഞാൻ ഓരോ സിക്സടിക്കുമ്പോൾ ഹർദിക് വന്നുപറയും, അടുത്ത പന്തിൽ നിന്റേതായ കളി കളിക്കുക, അധിക സമ്മർദമൊന്നും വേണ്ട. അത് വളരെ ഗുണം ചെയ്തു’ -ഗിൽ പറഞ്ഞു. ഗില്ലിന്റെ സൂപ്പർ ഇന്നിങ്സിന്റെ (63 പന്തിൽ പുറത്താവാതെ 126 റൺസ്) 234 റൺസടിച്ചുകൂട്ടിയ ഇന്ത്യ കിവീസിനെ 12.1 ഓവറിൽ 66 റൺസിന് ചുരുട്ടിക്കൂട്ടി 168 റൺസിന്റെ വമ്പൻ ജയം നേടിയാണ് പരമ്പര സ്വന്തമാക്കിയത്.
ഗില്ലായിരുന്നു മാൻ ഓഫ് ദ മാച്ച്. 17 പന്തിൽ 30 റൺസെടുത്തിരുന്ന ഹർദിക് നാലു വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങിയിരുന്നു. ഹർദിക് ആണ് പരമ്പരയിലെ താരവും. ‘നാലു വിക്കറ്റ് നേട്ടം ഞാൻ പ്രതീക്ഷിച്ചതേയില്ല. 140 കി.മീ. മുകളിൽ നിരന്തരം പന്തെറിയാൻ സാധിച്ചു. പിഴവുകളൊന്നും വരുത്തിയില്ല. വിക്കറ്റുകൾ കൂടെ വന്നു’ -ഹർദിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

