മുസ്തഫിസുറിനെ പുറത്താക്കാനുള്ള തീരുമാനം ഉന്നത തലത്തിൽനിന്ന്; ‘ബി.സി.സി.ഐ അംഗങ്ങളും ഐ.പി.എൽ ഗവേണിങ് കൗൺസിലും അറിഞ്ഞില്ല’
text_fieldsമുസ്തഫിസുർ റഹ്മാൻ
മുംബൈ: ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം സ്വീകരിച്ചത് ബി.സി.സി.ഐയുടെ ഉന്നതോദ്യാഗസ്ഥർ മാത്രം പങ്കെടുത്ത യോഗത്തിലെത്തിലെന്ന് റിപ്പോർട്ട്. ഐ.പി.എൽ ഗവേണിങ് കൗൺസിലിന് നേരത്തെ വിവരം കൈമാറിയില്ല. ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസിയോട് നേരിട്ട് ആവശ്യപ്പെട്ടാണ് താരത്തെ ഒഴിവാക്കിയത്. ബി.സി.സി.ഐ ബോർഡ് അംഗങ്ങളിൽ പലരും വിവരമറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
“മാധ്യമങ്ങളിൽ വന്ന വാർത്തയിലൂടെയാണ് ഞങ്ങൾ വിവരമറിഞ്ഞത്. ബോർഡ് അംഗങ്ങളുമായി കൂടിയാലോചിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല” -പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ബോർഡിന്‍റെ അപ്രതീക്ഷിത നടപടിക്കു പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വലിയ വിള്ളലുണ്ടായി. ബംഗ്ലാദേശിന്‍റെ കായിക മന്ത്രാലയവും ക്രിക്കറ്റ് ബോർഡും (ബി.സി.ബി) ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ട്വന്‍റി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്നും മത്സരങ്ങളുടെ വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബി.സി.ബി ഐ.സി.സിയോട് ആവശ്യപ്പെട്ടു.
താരത്തെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ ബംഗ്ലാദേശിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐ.പി.എൽ 2026) സംപ്രേഷണം ആ രാജ്യത്തെ സർക്കാർ നിരോധിച്ചു. ബി.സി.സി.ഐയുടെ തീരുമാനം യുക്തിരഹിതമാണെന്നും അത് ബംഗ്ലാദേശിലെ ആളുകളെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനിശ്ചിത കാലത്തേക്കാണ് മത്സരങ്ങളുടെ സംപ്രേഷണം നിരോധിച്ചത്.
മാർച്ചിൽ ആരംഭിക്കുന്ന ഇത്തവണത്തെ ഐ.പി.എലിൽ ഇടംനേടിയ ഏക ബംഗ്ലാദേശ് താരമായിരുന്നു ഇടംകൈയൻ പേസറായ മുസ്തഫിസുർ റഹ്മാൻ. ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 9.2 കോടി രൂപക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത ടീം സ്വന്തമാക്കിയത്. ബംഗ്ലാദേശിൽ ന്യനപക്ഷങ്ങൾക്കുനേരെ അതിക്രമം നടക്കുന്നുവെന്നും ബംഗ്ലാ താരങ്ങളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് ബി.സി.സി.ഐ അസാധാരണമായി ഇടപെട്ടത്. കൊൽക്കത്തയുടെ സഹഉടമ ഷാറൂഖ് ഖാനെതിരെയും വിമർശനം നീണ്ടു. കൊൽക്കത്തയിൽ ഐ.പി.എൽ മത്സരം തടയുമെന്ന ഭീഷണിയുമുണ്ടായി. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദവും ശക്തമായതോടെയാണ് മുസ്തഫിസുറിനെ ടീമിൽനിന്ന് നീക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

