അരങ്ങേറ്റത്തിൽ പൂജ്യത്തിന് പുറത്തായിട്ടും ചരിത്രം കുറിച്ച് മുഷീർ ഖാൻ, നേട്ടം കൈവരിക്കുന്ന ആദ്യ താരം
text_fieldsമുല്ലൻപുർ (പഞ്ചാബ്): ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങി പൂജ്യത്തിന് പുറത്തായിട്ടും ചരിത്ര റെക്കോഡ് സ്വന്തമാക്കി യുവതാരം മുഷീർ ഖാൻ. മെഗ താര ലേലത്തിൽ 30 ലക്ഷം രൂപക്കാണ് മുഷീറിനെ പഞ്ചാബ് ടീമിലെടുത്തത്.
ലീഗ് റൗണ്ടിലെ എല്ലാ മത്സരങ്ങളിലും പുറത്തിരുന്ന താരത്തിന് ഒന്നാം ക്വാളിഫയറിലാണ് അരങ്ങേറ്റ മത്സരത്തിന് അവസരം നൽകിയത്. ബംഗളൂരുവിന്‍റെ തകർപ്പൻ ബൗളിങ്ങിനു മുന്നിൽ പഞ്ചാബിന്‍റെ മുൻനിര തകർന്നടിഞ്ഞതോടെയാണ് ഇംപാക്ട് പ്ലെയറായി മുഷീർ അപ്രതീക്ഷിതമായി ബാറ്റിങ്ങിനെത്തുന്നത്. 8.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 60 റൺസെന്ന നിലയിലേക്ക് വീണതോടെയാണ് മുഷീറിനെ ഇംപാക്ട് താരമായി പരീക്ഷിക്കാൻ ടീം തീരുമാനിക്കുന്നത്.
താരത്തിന്‍റെ ഐ.പിഎൽ അരങ്ങേറ്റം മാത്രമല്ല ഈ മത്സരം, കരിയറിലെ ആദ്യ ട്വന്‍റി20 മത്സരം കൂടിയാണ്. മുംബൈക്കുവേണ്ടി ഇതുവരെ കുട്ടിക്രിക്കറ്റിൽ താരം കളിച്ചിട്ടില്ല. മുംബൈക്കുവേണ്ടി ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിക്കാനിറങ്ങി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ മൂന്നു പന്തുകൾ നേരിട്ട താരം റണ്ണൊന്നും എടുക്കാതെയാണ് പുറത്തായത്. സുയാഷ് ശർമയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് താരം ഔട്ടായത്.
മത്സരത്തിൽ രണ്ടു ഓവർ പന്തെറിഞ്ഞ മുഷീർ 27 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി. ക്രിക്കറ്റ് ചരിത്രത്തിൽ ഒരു പ്ലേ ഓഫ് മത്സരത്തിൽ ട്വന്‍റി20 അരങ്ങേറ്റം കുറിക്കുന്ന ആദ്യ താരമെന്ന നേട്ടം ഇതോടെ മുഷീർ സ്വന്തമാക്കി. ഐ.പി.എല്ലിലൂടെ ട്വന്‍റി20 ഫോർമാറ്റിൽ ഇതുവരെ 84 താരങ്ങൾ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെങ്കിലും പ്ലേ ഓഫിൽ ഇതുവരെ ആർക്കും അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. മത്സരത്തിൽ പഞ്ചാബിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം നേടി കോഹ്ലിയും സംഘവും ഐ.പി.എൽ കലാശപ്പോരിന് യോഗ്യത നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14.1 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ആർ.സി.ബി 10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു.
നേരത്തെ, മൂന്നു തവണ ബംഗളൂരു ഐ.പി.എൽ ഫൈനലിലെത്തിയെങ്കിലും കിരീടം അകന്നുനിന്നു. 2009, 2011, 2016 സീസണുകളിലാണ് ഫൈനൽ കളിച്ചത്. സൂപ്പർ താരം വിരാട് കോഹ്ലി ഐ.പി.എൽ ട്രോഫി നേടുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂൺ മൂന്നിനാണ് കലാശപ്പോര്. തോറ്റെങ്കിലും പഞ്ചാബിന് ഫൈനലിലെത്താൻ ഇനിയും അവസരമുണ്ട്. ഞായറാഴ്ചത്തെ രണ്ടാം ക്വാളിഫയർ ജയിച്ചാൽ മതി. മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും വെള്ളിയാഴ്ച എലിമിനേറ്ററിൽ ഏറ്റുമുട്ടും. എലിമിനേറ്റർ വിജയികളും പഞ്ചാബും തമ്മിലാണ് രണ്ടാം ക്വാളിഫയർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

