സൂര്യകുമാറിന് അർധ സെഞ്ചറി; മുംബൈക്കെതിരെ ക്യാപിറ്റൽസിന് 181 റൺസ് വിജയലക്ഷ്യം
text_fieldsഅർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ്
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 181 റൺസ് വിജയലക്ഷ്യം. സീനിയർ താരങ്ങളായ രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും നിരാശപ്പെടുത്തിയപ്പോൾ, അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് (43 പന്തിൽ 73*) മുംബൈക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ കത്തിക്കയറിയ നമൻ ധിറിന്‍റെ ഇന്നിങ്സും മുംബൈക്ക് കരുത്തായി. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 180 റൺസ് നേടിയത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി റയാൻ റിക്കിൾടൺ (18 പന്തിൽ 25) തുടക്കം മുതൽ വമ്പനടികൾ പുറത്തെടുത്തപ്പോൾ, മൂന്നാം ഓവറിൽ വീണ ഹിറ്റ്മാൻ രോഹിത് ശർമ (5) വീണ്ടും നിരാശപ്പെടുത്തി. പവർപ്ലേ അവസാനിക്കും മുമ്പ് വിൽ ജാക്സും (13 പന്തിൽ 21) തൊട്ടടുത്ത ഓവറിൽ റിക്കിൾടണും വീണു. ഇതോടെ സ്കോർ 6.4 ഓവറിൽ മൂന്നിന് 58 എന്ന നിലയിലായി. പിന്നാലെയെത്തിയ തിലക് വർമ നിലയുറപ്പിച്ചു കളിച്ചതോടെ സ്കോർ ഉയർന്നു.
നാലാം വിക്കറ്റിൽ സൂര്യയും തിലകും ചേർന്ന് മുംബൈ ഇന്നിങ്സിൽ 55 റൺസ് കൂട്ടിച്ചേർത്തു. 15-ാം ഓവറിൽ തിലകിനെ (27) സമീർ റിസ്വിയുടെ കൈകളിലെത്തിച്ച് മുകേഷ് കുമാറാണ് ഈ കൂട്ടുകെട്ട് തകർത്തത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (3) നിലയുറപ്പിക്കാനാകാതെ മടങ്ങി. പിന്നാലെയെത്തിയ നമൻ ധിറിനെ സാക്ഷിയാക്കി സൂര്യകുമാർ അർധ ശതകം പൂർത്തിയാക്കി. 36 പന്തിലാണ് താരം ഫിഫ്റ്റി തികച്ചത്. അവസാന ഓവറുകളിൽ ഇരുവരും വമ്പൻ ഷോട്ടുകൾ പുറത്തെടുത്തതോടെ സ്കോർ 180ലെത്തി. സൂര്യ 73 റൺസും നമൻ എട്ട് പന്തിൽ 24 റൺസുമായി പുറത്താകാതെനിന്നു.
ക്യാപിറ്റൽസിനായി മുകേഷ് കുമാർ രണ്ട് വിക്കറ്റുനേടി. ദുഷ്മന്ത ചമീര, മുസ്താഫിസുർ റഹ്മാൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി. പ്ലേഓഫിലേക്കുള്ള കുതിപ്പിന് ഇരു ടീമുകൾക്കും ഇന്നത്തെ മത്സരഫലം നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

