നാലാം ടെസ്റ്റിന് മുമ്പ് നിതീഷ് റെഡ്ഡിയും പുറത്ത്; സി.എസ്.കെ പേസറെ ടീമിൽ എത്തിച്ച് ബി.സി.സി.ഐ
text_fieldsമാഞ്ചസ്റ്റർ: ആൻഡേഴ്സൻ -ടെൻഡുൽക്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് ബുധനാഴ്ച തുടങ്ങാനിരിക്കെ, അർഷ്ദീപ് സിങ്ങിന് പുറമെ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും പരിക്കിന്‍റെ പിടിയിലെന്ന് റിപ്പോർട്ട്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ താരത്തിന് ലിഗമെന്‍റ് ഇഞ്ചുറി പറ്റിയതായാണ് വിവരം. പരിക്കേറ്റ പേസർ ആകാശ് ദീപും നാലാം ടെസ്റ്റിന് കളത്തിൽ ഇറങ്ങിയിലേക്കില്ലെന്ന റിപ്പോർട്ടിനു പിന്നാലെയാണ് അർഷ്ദീപിനും നിതീഷ് റെഡ്ഡിക്കും പരിക്കേറ്റെന്ന വാർത്ത വരുന്നത്.
മൂന്നുതാരങ്ങളെ നാലാം ടെസ്റ്റിന് ലഭ്യമാകില്ലെന്നിരിക്കെ, ചെന്നൈ സൂപ്പർ കിങ്സിന്‍റെ പേസർ അൻഷുൽ കാംബോജിനെ ബി.സി.സി.ഐ ഇംഗ്ലണ്ടിലെത്തിച്ചു. അഞ്ച് മത്സര പരമ്പരയിൽ 1-2ന് പിന്നിലായ ഇന്ത്യക്ക് നാലാം ടെസ്റ്റ് ജയിക്കേണ്ടത് അനിവാര്യമാണ്. ഫിറ്റ്നസാണ് ആകാശ് ദീപിന് വെല്ലുവിളിയാകുന്നത്. കളിക്കുമെന്ന് ഉറപ്പില്ലെങ്കിലും താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം ടെസ്റ്റിൽ കളിച്ച ബുംറക്ക് വിശ്രമമനുവദിച്ചാൽ അന്തിമ ഇലവനിൽ പകരക്കാരനായി ആരെത്തുമെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല.
ഇടത്തേ കാൽമുട്ടിന് പരിക്കേറ്റ നിതീഷ് റെഡ്ഡി തിരികെ നാട്ടിലേക്ക് പറന്നതായി ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. നെറ്റ്സിലെ പരിശീലനത്തിനിടെ തള്ളവിരലിനേറ്റ പരിക്കോടെ നാലാം ടെസ്റ്റിൽ അർഷ്ദീപും കളിക്കില്ല. ആകാശിനെ ബെഞ്ചിലിരുത്തിയാൽ ബുംറയെ കളിപ്പിക്കണമെന്ന് വാദിക്കുന്നവരുണ്ട്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ മാത്രമേ കളിക്കൂവെന്ന് ബുംറ നേരത്തെ അറിയിച്ചിരുന്നു. നിലവിൽ ഒന്നും മൂന്നും ടെസ്റ്റുകളിൽ താരം കളിച്ചിരുന്നു. എന്നാൽ ഇന്ത്യ ജയിച്ചത് രണ്ടാം ടെസ്റ്റിൽ മാത്രമാണ്. സ്ക്വാഡിലുള്ള ചൈനാമാൻ സ്പിന്നർ കുൽദീപിനെ ഇതുവരെ അന്തിമ ഇലവനിൽ ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അൻഷുൽ കാംബോജ്
ബാറ്റിങ്ങിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മലയാളി താരം കരുൺ നായരെ നാലാം ടെസ്റ്റിൽ കളിപ്പിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് കരുണിനെ ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇംഗ്ലിഷ് ബൗളർമാർക്കെതിരെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ഇതുവരെ താരത്തിനു കഴിഞ്ഞിട്ടില്ല. ഇതോടെ അവസരം കാത്തുകഴിയുന്ന യുവതാരങ്ങളായ സായ് സുദർശനെയും അഭിമന്യു ഈശ്വരനെയും ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്.
നാലാം ടെസ്റ്റിനുള്ള പുതുക്കിയ സ്ക്വാഡ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, രവീന്ദ്ര ജദേജ, ധ്രുവ് ജുറേൽ, വാഷിങ്ടൺ സുന്ദർ, ശാർദുൽ ഠാക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, കുൽദീപ് യാദവ്, അൻഷുൽ കാംബോജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

