മുല്ലൻപുർ ടെസ്റ്റ്: അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് ഇന്നിങ്സ് ജയം
text_fieldsമുല്ലൻപുർ (പഞ്ചാബ്): അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യക്ക് വൻ ജയം. ഇന്നിങ്സിനും 300 റൺസിനുമാണ് സന്ദർശകരുടെ തോൽവി. 412 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യ എതിരാളികളെ ഫോളോ ഓണിന് അയച്ച് 112 റൺസിന് പുറത്താക്കി മൂന്നാംദിനം തന്നെ ജയം സ്വന്തമാക്കി. ഒന്നാം ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റും വീഴ്ത്തിയ അരങ്ങേറ്റക്കാരൻ സ്പിന്നർ മാനവ് സുത്താറാണ് കളിയിലെ കേമൻ. സ്കോർ: ഇന്ത്യ 564/8 ഡിക്ല., അഫ്ഗാനിസ്താൻ 152, 112.
അഞ്ച് വിക്കറ്റിന് 113 റൺസിലാണ് അഫ്ഗാൻ തിങ്കളാഴ്ച ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ചത്. 39 റൺസ് ചേർക്കുന്നതിനിടെ ഇവരുടെ ബാക്കി വിക്കറ്റുകളും വീണു. തലേന്ന് ക്രീസിലുണ്ടായിരുന്ന റഹ്മത്ത് ഷാ (60) അർധ ശതകം നേടി ടോപ് സ്കോററായി. 20 റൺസായിരുന്നു ക്യാപ്റ്റൻ റഹ്മത്തുല്ല ഷാഹിദിയുടെ സംഭാവന. 22 ഓവറിൽ 33 റൺസ് മാത്രം വഴങ്ങിയാണ് സുത്താർ ആറ് വിക്കറ്റ് പിഴുതത്. പേസർ പ്രസിദ്ധ് കൃഷ്ണ മൂന്നുപേരെ മടക്കിയപ്പോൾ ശേഷിച്ച വിക്കറ്റ് വാഷിങ്ടൺ സുന്ദറിന് ലഭിച്ചു.
ഫോളോ ഓൺ ചെയ്ത അഫ്ഗാൻ ലഞ്ചിന് പിരിയുമ്പോൾ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 18. ഓപണർ അബ്ദുൽ മാലിക്കിനെ (8) പുറത്താക്കി പേസർ മുഹമ്മദ് സിറാജാണ് ആദ്യ പ്രഹരമേൽപിച്ചത്. സ്കോർ ബോർഡിൽ അപ്പോൾ 42. രണ്ടാം വിക്കറ്റിൽ ഓപണർ സെദിഖുല്ല അത്താൽ (42)-റഹ്മാനുല്ല ഗുർബാസ് (24) സഖ്യം അൽപനേരം പിടിച്ചുനിന്നത് അഫ്ഗാന് പ്രതീക്ഷ നൽകി. സ്കോർ 74ൽ ഗുർബാസിനെ കുൽദീപ് യാദവ് പറഞ്ഞുവിട്ട ശേഷം കണ്ടത് കൂട്ടത്തകർച്ച. ചായ സമയത്ത് അഞ്ചിന് 98ലേക്ക് പരുങ്ങി സന്ദർശകർ. വൈകാതെ കാര്യങ്ങൾക്ക് തീരുമാനമായി. സ്പിന്നർമാരായ വാഷിങ്ടൺ നാലും കുൽദീപ് മൂന്നും വിക്കറ്റെടുത്ത് തകർച്ചക്ക് ആഴം കൂട്ടി. സിറാജിനും സുത്താറിനും ഓരോ വിക്കറ്റ് ലഭിച്ചു. ഇന്ത്യ-അഫ്ഗാൻ മൂന്ന് മത്സര ഏകദിന പരമ്പര ജൂൺ 13ന് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

