ഈഡനിൽ മുകുൾ ചൗധരി കടം വീട്ടിയ രാവ്! മകനെ ക്രിക്കറ്ററാക്കാൻ ജയിലിൽ പോയ പിതാവ്, അവിശ്വസനീയം ഈ 21കാരന്‍റെ ജീവിതം...
text_fieldsകൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ തോൽവി ഉറപ്പിച്ച മത്സരമാണ് മുകുൾ ചൗധരിയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ ലഖ്നോ സൂപ്പർ ജയന്‍റ്സ് തട്ടിപ്പറിച്ചെടുത്തത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നു വിക്കറ്റിനാണ് ലഖ്നോ വീഴ്ത്തിയത്.
വെറ്ററൻ താരം എം.എസ്. ധോണിയുടെ ഹെലികോപ്ടർ ഷോട്ടുകളടക്കം കളിച്ച് വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി കളംനിറഞ്ഞ മുകുളാണ് ലഖ്നോവിന്‍റെ വിജയ ശിൽപി. അവസാന രണ്ടോവറിൽ ലഖ്നോവിന് ജയിക്കാൻ 30 റൺസ് വേണമായിരുന്നു. കാമറൂൺ ഗ്രീൻ എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും നേടിയതോടെ അവസാന ഓവറിൽ ലക്ഷ്യം 14 ആയി. 20ാം ഓവറിൽ വൈഭവ് അറോറയെ രണ്ടു വട്ടം ഗാലറിയിലെത്തിച്ച താരം, അവസാന പന്തിലാണ് ടീമിന് ത്രസിപ്പിക്കുന്ന ജയം നേടികൊടുത്തത്. 27 പന്തിൽ ഏഴ് സിക്സും രണ്ട് ഫോറുമടക്കം 54 റൺസെടുത്ത് പുറത്താകാതെ നിന്നു.
വിജയ റണ്ണിനു പിന്നാലെ കൈകൾ കൂപ്പി ആകാശത്തേക്ക് നോക്കി മുകുൾ ദൈവത്തിന് നന്ദി പറഞ്ഞു. മകനെ ഒരു ക്രിക്കറ്ററാക്കാൻ പിതാവ് ദലിപ് ചൗധരി സഹിച്ച ത്യാഗങ്ങൾക്കുള്ള പ്രതിഫലം കൂടിയായിരുന്നു ഈഡനിലെ ഇന്നിങ്സ്. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഖേദാരോ കി ധാനി എന്ന കുഗ്രാമത്തിൽനിന്നാണ് 21കാരനായ മുകുൾ വരുന്നത്. ‘മുകുൾ ജനിക്കുന്നതിന് മുമ്പ് തന്നെ അവനെ ഒരു ക്രിക്കറ്റ് താരമാക്കണമെന്ന് പിതാവ് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. 2003ലാണ് ബിരുദം പൂർത്തിയാക്കുന്നത്, അതേ വർഷം തന്നെ വിവാഹിതനായി. ഒരു മകനുണ്ടായാൽ അവനെ ഒരു ക്രിക്കറ്റ് താരമാക്കണമെന്ന് സ്വപ്നം കണ്ടിരുന്നു. അടുത്ത വർഷം ഒരു ആൺകുഞ്ഞ് പിറന്നു. ചെറുപ്രായത്തിൽ തന്നെ അവനെ ഒരു ക്രിക്കറ്റ് താരമായി വളർത്തിക്കൊണ്ടുവരാനായി തനിക്ക് സാധ്യമായതെല്ലാം ചെയ്യാൻ തീരുമാനിച്ചു. ഒരുപാട് പേർക്ക് അതിനുകഴിയുന്നുണ്ടെങ്കിൽ എന്തുകൊണ്ട് എന്‍റെ മകനും ആയിക്കൂട?’ -ദലിപ് ചൗധരി ഓർത്തെടുത്തു.
തന്‍റെ സ്വപ്ന പൂർത്തീകരണത്തിനായി സ്ഥിരതയുള്ള ഒരു ജോലി ആവശ്യമായിരുന്നു. വർഷങ്ങളോളം അതിന് ശ്രമിച്ചു. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവിസിനുവേണ്ടി ആറു വർഷത്തോളം ശ്രമം നടത്തിയെങ്കിലും യോഗ്യത നേടാനായില്ല. പിന്നാലെ റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു, അതും പരാജയപ്പെട്ടു. 2016ൽ ഗ്രാമത്തിൽനിന്ന് 60 കിലോമീറ്റർ ദൂരെയുള്ള സികറിലെ എസ്.ബി.എസ് ക്രിക്കറ്റ് അക്കാദമിയിൽ മുകുളിനെ ചേർത്തു. അവിടെയായിരുന്നു മുകുളിന്‍റെ ക്രിക്കറ്റ് പരിശീലനത്തിന്‍റെ തുടക്കം. അന്ന് തന്‍റെ കൈയിൽ ആവശ്യത്തിന് പണമില്ലായിരുന്നു. സ്ഥിരവരുമാനം ഇല്ലാത്തതിനാൽ വീട് വിൽക്കാൻ തീരുമാനിച്ചു. 21 ലക്ഷം രൂപയാണ് കിട്ടിയത്. അടുത്ത വർഷം ഹോട്ടൽ ആരംഭിക്കാനായി വായ്പയെടുത്തു. ഇതിനിടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായതോടെ വായ്പ തിരിച്ചടവും മുടങ്ങി, ജയിലിൽ പോകേണ്ടി വന്നു. മകനെ ക്രിക്കറ്ററാക്കാനുള്ള തന്‍റെ ശ്രമങ്ങൽ ബന്ധുക്കൾക്ക് പറഞ്ഞു ചിരിക്കാനുള്ള ഒരു വിഷയമായി.
അടുത്ത ബന്ധുക്കൾ പോലും 'ഭ്രാന്തൻ' എന്ന് വിളിക്കുന്നത് കേൾക്കേണ്ടതായി വന്നു. മകനുവേണ്ടി സ്വന്തം ജീവിതം തന്നെ നശിപ്പിച്ചുവെന്ന് തന്നെ കളിയാക്കി. എന്നാൽ ദലിപ് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഒടുവിൽ അതിനുള്ള ഫലം ലഭിച്ചതായും ദലീപ് പറയുന്നു. 2025-26 അണ്ടർ-23 ലിസ്റ്റ് എ ട്രോഫിയിലൂടെയാണ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധയിൽ മുകുളെത്തുന്നത്. അന്ന് 617 റൺസ് നേടി ടൂർണമെന്‍റിലെ റൺവേട്ടക്കാരനായി. 39 സിക്‌സുകളുമായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ താരമെന്ന നേട്ടവും സ്വന്തം പേരിലാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രാജസ്ഥാനായി തിളങ്ങി.
2026 ഐ.പി.എൽ ലേലത്തിൽ തന്റെ അടിസ്ഥാന വിലയുടെ 13 മടങ്ങ് അധികം തുകയായ 2.60 കോടി രൂപക്കാണ് ലഖ്‌നോ സൂപ്പർ ജയന്റ്സ് മുകുളിനെ സ്വന്തമാക്കിയത്. ആ തീരുമാനം തെറ്റിയില്ല. ക്രിക്കറ്റിലൂടെ നേടുന്ന പണം കൊണ്ട് പിതാവ് എടുത്ത വായ്പകളെല്ലാം വീട്ടുക എന്നതാണ് ആദ്യത്തെ ലക്ഷ്യമെന്ന് മുകുൾ പറഞ്ഞിരുന്ന. ഒരു മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ നിരാശനായ മുകുൾ, അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തി തന്റെ പിതാവിന് നൽകിയ വാക്ക് പാലിക്കുകയും ചെയ്തു. എം.എസ്. ധോണിയുടെ കടുത്ത ആരാധകനാണ് മുകുൾ. ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടുകൾ കളിക്കുന്നതിൽ മിടുക്കനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

