43ലും വിക്കറ്റിനു പിന്നിലെ കിങ്! മിന്നൽ സ്റ്റമ്പിങ്ങുമായി വീണ്ടും ധോണി; സൂര്യ കണ്ണുചിമ്മി തുറക്കുംമുമ്പേ ബെയിൽസ് ഇളകി -വിഡിയോ
text_fieldsചെന്നൈ: വിക്കറ്റിനു പിന്നിലെ മിന്നൽ പ്രകടനവുമായി 43ാം വയസ്സിലും ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി മഹേന്ദ്ര സിങ് ധോണി. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലായിരുന്നു ധോണിയുടെ അതിവേഗ സ്റ്റമ്പിങ്.
ഈ പ്രായത്തിലും കീപ്പിങ്ങില്‍ തന്റെ വൈഭവം ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് മുൻ ഇന്ത്യൻ നായകന്‍റെ പ്രകടനം. മുംബൈ നായകന്‍ സൂര്യകുമാർ യാദവിനെയാണ് കിടിലന്‍ സ്റ്റമ്പിങ്ങോടെ ധോണി പുറത്താക്കിയത്. നൂര്‍ അഹമ്മദ് എറിഞ്ഞ 11ാം ഓവറിലാണ് സംഭവം. ഓവറിലെ മൂന്നാം പന്തില്‍ ഒരു മികച്ച ഷോട്ട് കളിക്കാനായി സൂര്യ ഓവര്‍സ്‌റ്റെപ്പ് ചെയ്തത് മാത്രമേ ഓർമയുള്ളു! പന്ത് ബാറ്റിൽ കൊണ്ടില്ല. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് അതിലേറെ വേഗത്തിൽ പന്ത് കൈക്കലാക്കി ധോണി സ്റ്റമ്പിളക്കി.
26 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമടക്കം 29 റൺസായിരുന്നു സൂര്യയുടെ സമ്പാദ്യം. 0.12 സെക്കൻഡ് വേഗത്തിലായിരുന്നു ധോണിയുടെ സ്റ്റമ്പിങ്. ഇതിന്റെ വിഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മുൻ താരങ്ങൾ ഉൾപ്പെടെ ധോണിയെ പുകഴ്ത്തി രംഗത്തെത്തി. ക്യാപ്റ്റൻ ഗെയ്ക്‍വാദും രചിൻ രവീന്ദ്രയും കത്തിക്കയറിയ മത്സരത്തിൽ ചെന്നൈ നാലു വിക്കറ്റിന് മത്സരം സ്വന്തമാക്കി. അഞ്ചു പന്തുകൾ ബാക്കിനിർത്തിയാണ് ചെന്നൈ ജയംപിടിച്ചത്. സ്കോർ മുംബൈ ഇന്ത്യൻസ് 155/9, ചെന്നൈ 158/6. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ തുടക്കം തൊട്ടേ തകർന്നെങ്കിലും അവസാനഘട്ടത്തിൽ പോരാടി ഒമ്പതിന് 155ലെത്തി. 25 പന്തിൽ 31 റൺസെടുത്ത തിലക് വർമയാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 26 പന്തിൽ 29 റൺസ് ചേർത്തു. 15 പന്തിൽ 28 റൺസുമായി ദീപക് ചാഹാർ പുറത്താവാതെ നിന്നു. ചെന്നൈക്കായി നൂർ അഹ്മദ് നാലും ഖലീൽ അഹ്മദ് മൂന്നും വിക്കറ്റ് വീഴ്ത്തി.
തിരക്കുപിടിച്ച സ്കോറിങ് ആവശ്യമില്ലാത്ത മറുപടി ബാറ്റിങ്ങിൽ ഓപണർ രചിൻ രവീന്ദ്ര അർധ സെഞ്ച്വറി പിന്നിട്ട് അവസാനം വരെയും പിടിച്ചുനിന്നപ്പോൾ വൺഡൗണായി എത്തിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദും അർധ സെഞ്ച്വറി (53) നേടി. 20ാം ഓവറിലെ ആദ്യ പന്ത് ഗാലറിയിലെത്തിച്ച് വിജയമുറപ്പിച്ച രവീന്ദ്ര 65 റൺസ് നേടി. രവീന്ദ്ര ജഡേജ 17 റൺസെടുത്തു. രണ്ടു പന്തു നേരിട്ട ധോണി റണ്ണെടുക്കാതെ ക്രീസിൽ നിന്നു.
മുംബൈയുടെ മലയാളി താരം വിഘ്നേഷ് പുത്തൂർ മൂന്നു വിക്കറ്റെടുത്ത് അരങ്ങേറ്റം ഗംഭീരമാക്കിയതായിരുന്നു കളിയിലെ ഹൈലൈറ്റ്. മൂന്ന് ഓവർ എറിഞ്ഞ താരം ഓരോ ഓവറിലും ഓരോ വിക്കറ്റ് വീഴ്ത്തി. ഗെയ്ക്‍വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരായിരുന്നു ഇരകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

