'കളിക്കുന്നുണ്ടെങ്കിൽ ധോണി വിക്കറ്റിന് പിന്നിലുണ്ടാകും, സഞ്ജു ഊഴം കാത്തിരിക്കേണ്ടിവരും'
text_fieldsചെന്നൈ: എം.എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിൽ മലയാളിതാരം സഞ്ജു സാംസൺ എത്തിയാൽ വിക്കറ്റിന് പിന്നിൽ ആരായിരിക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം സഞ്ജു ഓപണർ റോളിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും വിക്കറ്റ് കീപ്പിങ് ധോണി തന്നെയായിരിക്കും കൈകാര്യം ചെയ്യുക എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ.
ധോണി ഒരു ഇംപാക്ട് പ്ലെയറായി ടീമിൽ കളിക്കാൻ ഇടയില്ലെന്നും കളിക്കുകയാണെങ്കിൽ ഫീൽഡിൽ ധോണി ഉണ്ടായിരിക്കുമെന്നും സി.എസ്.കെയുടെ മുൻതാരം ബദരീനാഥ് പറയുന്നു. ധോണിയുടെ അവസാന ഐ.പി.എൽ ആകാൻ സാധ്യതയുള്ളതിനാൽ കളിക്കളത്തിൽ പരമാവധി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുമെന്നും ബദരീനാഥ് സ്റ്റാർ സ്പോർട്സിനോട് വിശദീകരിച്ചു.
"എം.എസ്. ധോണി ഒരു ഇംപാക്ട് പ്ലെയറായി കളിക്കില്ല. കളിക്കുകയാണെങ്കിൽ, ഒരു കീപ്പറായിട്ടായിരിക്കും. ധോണി കളിക്കാനുള്ള പ്രധാന കാരണം അദ്ദേഹം ചെപ്പോക്കിൽ കളിക്കേണ്ടതുണ്ട് എന്നതാണ്. ഒരു ഇംപാക്ട് പ്ലെയർ എന്ന നിലയിൽ, അവസാന രണ്ട് ഓവറുകളിൽ മാത്രമേ അദ്ദേഹം ബാറ്റ് ചെയ്യാൻ ഇറങ്ങുകയുള്ളൂ. അങ്ങനെയെങ്കിൽ അദ്ദേഹം ബാറ്റ് ചെയ്യാൻ ഇറങ്ങുമോ എന്ന് ഞങ്ങൾക്ക് അറിയില്ല."-ബദരീനാഥ് വിശദീകരിച്ചു.
എന്നാലും, സീസണിലുടനീളം ധോണിക്ക് വിശ്രമം നൽകുകയും മാറി മാറി കളിക്കാനുമുള്ള സാധ്യതയുമുണ്ടെന്ന് ബദരീനാഥ് പറഞ്ഞു. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സഞ്ജു സാംസൺ ഊഴം കാത്തിരിക്കേണ്ടവരുമെന്ന് തന്നെയാണ് തോന്നുന്നതെന്ന് ബദരീനാഥ് പറഞ്ഞു.
അതേസമയം, രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നെെ സൂപ്പർ കിങ്സിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ എത്തിയിട്ടില്ല. സഞ്ജു സാംസൺ– രവീന്ദ്ര ജഡേജ ‘സ്വാപ് ഡീലിൽ’ സാം കറന്‍ ടീം മാറാനുള്ള സാധ്യത മങ്ങി. സഞ്ജു സാംസണിനു പകരം രവീന്ദ്ര ജഡേജയെയും ഇംഗ്ലിഷ് താരം സാം കറനെയും രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാം കറനെ നിലവിലെ സാഹചര്യത്തിൽ രാജസ്ഥാന് ടീമിലെടുക്കാൻ പറ്റില്ല. സഞ്ജു– ജഡേജ കൈമാറ്റം ഏറക്കുറെ പൂർണമായെങ്കിലും, സഞ്ജുവിനു പകരം ജഡേജയ്ക്കൊപ്പം ഏതു താരത്തെ കൈമാറും എന്നതിലാണു ചർച്ചകൾ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

