43-ാം വയസ്സിലും ധോണിയുടെ ട്രേഡ്മാർക്ക് ബാറ്റിങ്; പതിരനയുടെ യോർക്കറിൽ ഹെലികോപ്റ്റർ ഷോട്ട് -വിഡിയോ
text_fieldsചെന്നൈ: ഐ.പി.എൽ 18-ാം സീസൺ തുടങ്ങാൻ ശേഷിക്കുന്നത് ഏതാനും ദിവസങ്ങൾ മാത്രമാണ്. ചെന്നൈ സൂപ്പർ കിങ്സിന്‍റെ ക്യാമ്പിലെത്തിയ വെറ്ററൻ താരം എം.എസ്. ധോണിയും കഠിന പരിശീലനത്തിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് 2020ൽ വിരമിച്ചെങ്കിലും ഐ.പി.എല്ലിൽ സജീവമാണ് താരം. പരിശീലന മത്സരത്തിൽ ധോണി സെഞ്ച്വറിയടിച്ച വാർത്ത നേരത്തെ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്നതായിരുന്നു.
ദിവസവും രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയാണ് ചെന്നൈയിൽ ധോണി ബാറ്റിങ് പരിശീലിക്കുന്നത്. പരിശീലന വേളയിൽ ശ്രീലങ്കയുടെ യുവ പേസർ മതീഷ പതിരനയുടെ യോർക്കർ പന്തിൽ തന്റെ സ്വതസിദ്ധമായ ഹെലികോപ്റ്റർ ഷോട്ട് അടിക്കുന്ന ധോണിയുടെ ദൃശ്യങ്ങൾ ഇതിനിടെ വൈറലായി. ധോണിയുടെ ഷോട്ട് കണ്ട് നോൺ സ്ട്രൈക്ക് എൻഡിലുള്ള സഹതാരം ആർ. അശ്വിൻ ചിരിക്കുന്നതും വിഡിയോയിലുണ്ട്.
നേരത്തെ ധോണിയുടെ പരിശീലനത്തെ കുറിച്ച് ഇന്ത്യയുടെ മുൻ താരം ഹർഭജൻ സിങ് പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. “അടുത്തിടെ ഒരു സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിന് ധോണിയെ കണ്ടിരുന്നു. 43-ാം വയസ്സിലും അദ്ദേഹം ഫിറ്റായിരിക്കുന്നത് കണ്ടപ്പോൾ ഞാൻ അക്കാര്യം എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹത്തോട് ചോദിച്ചു. ഇത് ബുദ്ധിമുട്ടാണ്, എന്നാൽ താനിത് ഇഷ്ടപ്പെടുന്നുവെന്നും എല്ലായ്പ്പോഴും കളിക്കണമെന്ന ആഗ്രഹമാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വർഷം മുഴുവൻ മറ്റ് ടൂർണമെന്‍റുകളിലൊന്നും കളിക്കാതെ ഐ.പി.എല്ലിൽ മാത്രം കളിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ അദ്ദേഹം അതിനെ നേരിടുന്നത് മറ്റുള്ളവരേക്കാൾ ആത്മവിശ്വാസത്തോടെയാണ്. ഗ്രൗണ്ടിലിറങ്ങിയാൽ ബോളർമാരെ അദ്ദേഹം നേരിടുകയല്ല, മറിച്ച് അവർക്കുമേൽ ആധിപത്യം നേടുകയാണ്.
കഴിഞ്ഞ രണ്ടുമാസമായി ചെന്നൈയിൽ എല്ലാ ദിവസവും രണ്ട് -മൂന്ന് മണിക്കൂർ അദ്ദേഹം ബാറ്റിങ് പരിശീലിക്കുന്നു. ഇതിലൂടെ ടൈമിങ് മെച്ചപ്പെടുത്താനും മികച്ച ഷോട്ട് ഉതിർക്കാനും അദ്ദേഹത്തിനാകുന്നു. ഈ പ്രായത്തിലും ഗ്രൗണ്ടിൽ ഏറ്റവും ആദ്യം ഇറങ്ങുന്നതും അവസാനം തിരികെ കയറുന്നതും അദ്ദഹമാണ്. അത് ധോണിയെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നു” -ഹർഭജൻ പറഞ്ഞു. 23ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

