ക്യാപ്റ്റൻസി കാരണം ധോണിക്ക് തന്നിലെ മികച്ച ബാറ്ററെ ബലിനൽകേണ്ടി വന്നു -ഗൗതം ഗംഭീർ
text_fieldsകൊൽക്കത്ത: മഹേന്ദ്ര സിങ് ധോണിയിലെ മികച്ച ബാറ്ററെ അദ്ദേഹത്തിന് ക്യാപ്റ്റൻസി കാരണം ബലിനൽകേണ്ടി വന്നുവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അദ്ദേഹം മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങുകയായിരുന്നെങ്കിൽ നിരവധി ഏകദിന റെക്കോഡുകൾ സ്വന്തം പേരിലാകുമായിരുന്നെന്നും എന്നാൽ, അദ്ദേഹം ടീമിന് കിരീടം നേടിക്കൊടുക്കാൻ ആറാമനായും ഏഴാമനായും ഇറങ്ങിയെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗംഭീറിന്റെ വിലയിരുത്തൽ.
‘തന്റെ ബാറ്റിങ് മികവ് കൊണ്ട് മത്സരഫലം മാറ്റിമറിക്കാൻ കഴിയുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായിരുന്നു ധോണി. മുമ്പത്തെ വിക്കറ്റ് കീപ്പർമാർ ആദ്യം കീപ്പറും പിന്നെ ബാറ്ററും എന്നതായിരുന്നു സ്ഥിതി. എന്നാൽ, ധോണി ആദ്യം ബാറ്ററും ശേഷം കീപ്പറുമായിരുന്നു. ഏഴാം നമ്പറിൽ ഇറങ്ങിയാലും മത്സരം ജയിപ്പിക്കാൻ കഴിയുന്ന, ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച അനുഗ്രഹമായിരുന്നു ധോണി. അദ്ദേഹം മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങുകയായിരുന്നെങ്കിൽ നിരവധി ഏകദിന റെക്കോഡുകൾ സ്വന്തം പേരിലാകുമായിരുന്നു. പക്ഷെ അദ്ദേഹം ടീമിന് കിരീടം നേടിക്കൊടുക്കാൻ ആറാമനായും ഏഴാമനായും ഇറങ്ങി. ക്യാപ്റ്റനല്ലായിരുന്നെങ്കിൽ ധോണി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങുമായിരുന്നെന്നും ഗംഭീർ പറഞ്ഞു. ജനങ്ങൾ എപ്പോഴും ധോണിയിലെ ക്യാപ്റ്റന്റെ മികവിനെ കുറിച്ച് സംസാരിക്കുന്നു. അത് വളരെ ശരിയുമാണ്. എന്നാൽ, ക്യാപ്റ്റൻസി കാരണം അദ്ദേഹം തന്നിലുള്ള മികച്ച ബാറ്ററെ ബലികൊടുക്കുകയായിന്നു’, ഗംഭീർ കൂട്ടിച്ചേർത്തു.
ധോണിക്ക് കീഴിൽ 2007ലെ ട്വന്റി 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും, രണ്ടുതവണ ഏഷ്യാകപ്പും രണ്ട് തവണ ടെസ്റ്റ് ചാമ്പ്യൻഷിപ്പും മൂന്ന് തവണ ബോർഡർ-ഗവാസ്കർ ട്രോഫിയും നേടി. ഏകദിനത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കാനുമായി. 90 ടെസ്റ്റിൽ 4,876 റൺസും 350 ഏകദനിത്തിൽ 10,773 റൺസും 98 ട്വന്റി 20യിൽ 1,617 റൺസുമാണ് ധോണി ഇന്ത്യൻ ജഴ്സിയിൽ നേടിയത്.