ചെന്നൈ: നിരാശാജനകമായ സീസണിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ തിരിച്ചു വരവിനാണ് 'തല' എം.എസ്. ധോണിയും ഒരുങ്ങുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഐ.പി.എല്ലിൽ മാത്രമാണ് താരത്തിനെ കാണാനാകൂ എന്നതിനാൽ ആരാധകരും ട്വന്‍റി20 പൂരത്തിനായി കാത്തിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ഒരേ സമയം ആരാധകരെ ആവേശത്തിലാഴ്ത്തിയും എതിരാളികൾക്ക് മുന്നറിയിപ്പ് നൽകുകയുമാണ്.
ചടുല സംഗീതത്തിന്‍റെ പശ്ചാത്തലത്തിലുള്ള വിഡിയോയിൽ തന്‍റെ പഴയ താളത്തിലും ഫോമിലും ബാറ്റേന്തുന്ന ധോണിയേയാണ് കാണാൻ സാധിക്കുന്നത്. നല്ല ഒഴുക്കോടെ ബാറ്റുചെയ്യുന്ന ധോണി ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തുകയാണ്.
ധോണിയുെട ഒരു ഒറ്റക്കെയ്യൻ ഷോട്ടിലൂടെയാണ് വിഡിയോ അവസാനിക്കുന്നത്. തന്‍റെ ആവനാഴിയിലെ അസ്ത്രങ്ങൾക്ക് ഇപ്പോഴും നല്ല മൂർച്ചയുണ്ടെന്ന ശക്തമായ സന്ദേശം എതിരാളികൾക്ക് നൽകുകയാണ് മഹി.
കഴിഞ്ഞ സീസൺ ധോണിക്കും ടീമിനും മോശമായിരുന്നു. 14 മത്സരങ്ങളിൽ നിന്ന് വെറും 200 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. പോയന്‍റ് പട്ടികയിൽ ഏറ്റവും അവസാനക്കാർക്ക് തൊട്ടുമുമ്പത്തെ സ്ഥാനത്താണ് ധോണിക്കും സംഘത്തിനും ഫിനിഷ് ചെയ്യാനായത്. 12 പോയന്‍റായിരുന്നു സമ്പാദ്യം. ചരിത്രത്തിൽ ആദ്യമായായിരുന്നു ചെന്നൈ പ്ലേഓഫിൽ കയറാതിരുന്നത്.
കോവിഡ് വ്യാപനം മൂലം യു.എ.ഇയിൽ വെച്ച് നടത്തിയ കഴിഞ്ഞ പതിപ്പിൽ വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്നയുടെ സേവനം ചെന്നൈക്ക് ലഭ്യമായിരുന്നില്ല. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഡൽഹി കാപിറ്റൽസിനെതിരെ ഏപ്രിൽ 10നാണ് ചെന്നൈയുടെ ആദ്യ മത്സരം.